സിറോ മലബാർ സഭയിലെ കുർബാന തർക്കം; ശതാബ്ദി ആഘോഷങ്ങളിൽ നിന്ന് കർദിനാൾ ഉൾപ്പെടെയുള്ളവരെ ഒഴിവാക്കി
|ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരിയുടെ ചിത്രം വേദിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയാണ് പരിപാടികൾ സംഘടിപ്പിച്ചത്
കൊച്ചി: സിറോ മലബാർ സഭയിലെ കുർബാന തർക്കം സഭയുടെ പൊതു പരിപാടികളിലും പ്രകടമാകുന്നു. എറണാകുളം അങ്കമാലി അതിരൂപതയുടെ ശതാബ്ദി ആഘോഷങ്ങളിൽ നിന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉൾപ്പെടെയുള്ളവരുടെ ചിത്രങ്ങൾ വിമത വിഭാഗം ഒഴിവാക്കി. ജനാഭിമുഖ കുർബാനയിൽ ഒരു വീട്ടുവീഴ്ചയ്ക്കും തയ്യാറെല്ലെന്ന് വൈദികർ പറഞ്ഞു.
സിറോ മലബാർ സഭയിലെ കുർബാന തർക്കം കൂടുതൽ സങ്കീർണ്ണം ആകുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു ആഘോഷ പരിപാടികൾ. ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരിയുടെ ചിത്രം വേദിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയാണ് പരിപാടികൾ സംഘടിപ്പിച്ചത്. എറണാകുളം അങ്കമാലി അതിരൂപതയുടെ ആർച്ച് ബിഷപ്പ് സ്ഥാനത്തുനിന്ന് പുറത്താക്കിയ ബിഷപ്പ് ആന്റണി കരിയിലിന്റെ ചിത്രമായിരുന്നു പകരം വേദിയിൽ.
സഭാ തലവൻ എല്ലാവരെയും അടിച്ചമർത്തി ഭരിക്കാനാണ് ശ്രമിക്കുന്നതെന്നും വിശ്വാസികളും വൈദികരും ആണ് സഭയെ താങ്ങിനിർത്തുന്നതെന്ന് മുകളിലുള്ളവർ മനസ്സിലാക്കുന്നില്ലെന്നും പൊതുസമ്മേളനത്തിൽ സംസാരിച്ച മുൻ വികാരി ജനറൽ ഫാ. ജോയ് ഐനിയാടാൻ പറഞ്ഞു.
പൊതുസമ്മേളനത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന നൂറിന പരിപാടികൾ അവതരിപ്പിച്ചു. അതിനിടെ വിമത വിഭാഗം വൈദികരുടെ മാരത്തൺ ആരാധന തുടരുന്ന എറണാകുളം സെന്റ് മേരിസ് കത്തീഡ്രൽ ബസലിക്കയിലെ ക്രിസ്മസ് കുർബാന അടക്കമുള്ള കാര്യങ്ങളിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.