Kerala
തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവം; ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ   ഉടൻ ചോദ്യം ചെയ്യും
Kerala

തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവം; ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ ഉടൻ ചോദ്യം ചെയ്യും

Web Desk
|
27 July 2021 1:43 AM GMT

നായപിടുത്തക്കാരായ മൂവരുടെയും മൊഴി രേഖപ്പെടുത്തിയ അമിക്യസ് ക്യൂറി രണ്ടു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

എറണാകുളം തൃക്കാക്കരയിൽ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തിൽ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടൻ ചോദ്യം ചെയ്യും. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറുടെ നിര്‍ദ്ദേശത്തിലാണ് സംഭവം നടന്നതെന്ന് അറസ്റ്റിൽ ആയവർ മൊഴി നൽകിയിരുന്നു. നായപിടുത്തക്കാരായ മൂവരുടെയും മൊഴി രേഖപ്പെടുത്തിയ അമിക്യസ് ക്യൂറി രണ്ടു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.

തൃക്കാക്കരയിൽ തെരുവ് നായകളെ പിടികൂടി കൊലപ്പെടുത്തി നഗരസഭാ യാർഡിൽ ഉപേക്ഷിച്ച കോഴിക്കോട് മാറാട് സ്വദേശികളായ പ്രബീഷ്, രഘു, രഞ്ജിത് എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്ത്. നഗരസഭാ ജുനിയര്‍ ഹെല്‍ത്ത് ഇൻസ്‌പെക്ടറാണ് നായകയെ കൊല്ലാൻ നിര്‍ദ്ദേശം നല്‍കിയതെന്ന് ഇവര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ ചോദ്യം ചെയ്യാൻ പൊലീസ് തയ്യാറെടുക്കുന്നത്.

കേസിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറും പ്രതിയായേക്കും. ഇതോടെ നഗരസഭ ഭരണസമിതിയും പ്രതിക്കൂട്ടിലാകും. നായകളെ മറവുചെയ്ത നഗരസഭാ മാലിന്യസംഭരണ കേന്ദ്രത്തില്‍ മുവരെയും എത്തിച്ച് ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു. ഉദ്യോഗസ്ഥര്‍ ഓരോ നായയെയും പിടികൂടുന്നതിന് കൂലി നല്‍കിയിരുന്നതായി കേസിൽ അറസ്റ്റിലായവർ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. നഗരസഭയുടെ കമ്മ്യണിറ്റിഹാളില്‍ താമസ സൗകര്യമൊരുക്കിയതും ഉദ്യോഗസ്ഥർ തന്നെയാണെന്നാണ് ഇവരുടെ മൊഴി.

Similar Posts