ആലപ്പുഴ സിപിഎമ്മിൽ വീണ്ടും കൂട്ടരാജി: 38 അംഗങ്ങൾ രാജി വച്ചു
|ചെറിയനാട് ലോക്കൽ സെക്രട്ടറിയുടെ എസ്ഡിപിഐ ബന്ധം ചൂണ്ടിക്കാട്ടിയാണ് രാജി
ആലപ്പുഴ: ആലപ്പുഴ സിപിഎമ്മിൽ വീണ്ടും കൂട്ടരാജി. ലോക്കൽ സെക്രട്ടറിയുടെ SDPI ബന്ധം ചൂണ്ടിക്കാട്ടി ചെറിയനാട് സൗത്ത് ലോക്കൽ കമ്മറ്റിയിലെ 38 പാർട്ടി അംഗങ്ങൾ കൂട്ടത്തോടെ രാജി വച്ചു. രാജി വച്ചവരിൽ നാല് ബ്രാഞ്ച് സെക്രട്ടറിമാരും ഉണ്ട്.
വർഗ ബഹുജന സംഘടനകളുടെ ഭാരവാഹികളും കൂട്ടത്തോടെ പാർട്ടിവിട്ടു. രാജിവെച്ചവർ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്. ഇന്ന് ജില്ലാ സെക്രട്ടറിയേറ്റ് ചേരാനിരിക്കേയാണ് പാർട്ടിയിൽ അനിശ്ചിതത്വം സൃഷ്ടിച്ച് വീണ്ടും കൂട്ടരാജി. തങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ സെക്രട്ടറി ആർ നാസറിന് നേരിട്ടെത്തിയാണ് പാർട്ടി അംഗങ്ങൾ രാജിക്കത്ത് സമർപ്പിച്ചത്. ലോക്കൽ സെക്രട്ടറി ഷീദ് മുഹമ്മദ് എസ്ഡിപിഐക്കാരനുമായി അടുത്ത ബന്ധമുള്ളയാളാണെന്നും ഇയാൾ പാർട്ടിയുടെ അച്ചടക്കവുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകാൻ കഴിയാത്ത ആളാണെന്നും പ്രവർത്തകർ ജില്ലാ സെക്രട്ടറിക്ക് നൽകിയ കത്തിൽ പറയുന്നു. ഇദ്ദേഹത്തിന്റെ ബിസിനസ് പങ്കാളിയാണ് എസ്ഡിപിഐ പ്രവർത്തകനെന്നും പകൽ സിപിഎമ്മും രാത്രി എസ്ഡിപിഐയുമായി ലോക്കൽ സെക്രട്ടറി പ്രവർത്തിക്കുന്നുവെന്നാണ് അംഗങ്ങളുടെ ആരോപണം. ഇത് ചൂണ്ടിക്കാട്ടിയാണ് ഇവർ ജില്ലാ നേതൃത്വത്തിന് കത്ത് നൽകിയിരിക്കുന്നത്.
നേരത്തേ ഏരിയ നേതൃത്വത്തിനും ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി അംഗങ്ങൾ പരാതി നൽകിയിരുന്നെങ്കിലും പരിഹാരം കാണാനാവാഞ്ഞതിനെ തുടർന്ന് അംഗങ്ങൾ ജില്ലാ നേതൃത്വത്തിനെ സമീപിക്കുകയായിരുന്നു. ഷീദ് മുഹമ്മദിനെതിരായ പരാതി സംസ്ഥാന നേതൃത്വത്തിനും നൽകിയിട്ടുണ്ട്.