പാലക്കാട്ട് യൂത്ത് കോണ്ഗ്രസില് കൂട്ടരാജി
|ലക്കിടിപേരൂർ മണ്ഡലം കമ്മറ്റി പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ചാണ് 45 പേർ രാജിക്കത്ത് നൽകിയത്
പാലക്കാട്: യൂത്ത് കോൺഗ്രസിൽ കൂട്ടരാജി. ലക്കിടിപേരൂർ മണ്ഡലം കമ്മറ്റി പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് 45 പേർ രാജിക്കത്ത് നൽകി. ജില്ലാ മണ്ഡലം ഭാരവാഹികൾ ഉൾപ്പെടെ 45 പേരാണ് രാജി വെച്ചത്. ഇന്നലെ എട്ട് മണ്ഡലം കമ്മറ്റികളാണ് പിരിച്ചുവിട്ടത്. സംസ്ഥാന നേതൃത്വം ഉൾപ്പെടെ വലിയ വിമർശനമാണ് വിഷയത്തിൽ ഉന്നയിച്ചിരിക്കുന്നത്. കൂടിയാലോചനകളില്ലാതെയാണ് നടപടിയെടുത്തത്.
ജില്ലാ സമ്മേളനത്തിൽ സഹകരിച്ചില്ല എന്ന് ആരോപിച്ചാണ് എട്ട് കമ്മറ്റികൾ പിരിച്ചുവിട്ടത്. നേതൃത്വം ഏകാധിപത്യ പ്രവണതയാണ് കാണിക്കുന്നതെന്നാണ് രാജിക്കത്തിൽ പ്രധാനമായും ഉന്നയിക്കുന്നത്. എന്നാൽ നടപടിക്ക് എതിരെ ജില്ലയിൽ നിന്നുള്ള സംസ്ഥാന നേതാക്കൾ ഉൾപ്പെടെ രംഗത്തെത്തി.
ഒരു വിഭാഗം നേതാക്കൾ ഗ്രൂപ്പിസം വളർത്തുകയാണെന്നും ഏകപക്ഷീയമായാണ് നടപടി എടുത്തതെന്നും വിമർശനം ഉയർന്നു. കെ.പി.സി.സിയുടെ സോഷ്യൽ മീഡിയ ചുമതല വഹിക്കുന്ന ഡോക്ടർ പി സരിൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ശിൽപ എൻ.എസ്, ജഷീർ മുണ്ടറോട്ട് തുടങ്ങിയ പ്രധാന നേതാക്കൾ യൂത്ത് കോൺഗ്രസ് വാട്സാപ്പ് ഗ്രൂപ്പിൽ കടുത്ത വിമർശനങ്ങളാണ് ഉന്നയിച്ചത്.
പുതിയ ആളുകളെ പാർട്ടിയിലേക്ക് ചേർക്കുന്നതിന് പകരം ഉള്ള ആളുകളെ പിരിച്ചുവിടാനാണ് നേതൃത്വം ശ്രമിക്കുന്നെതെന്നാണ് പൊതുവേയുള്ള വിമർശനം. എന്നാൽ കൃത്യമായ സംഘടനാ ചട്ടക്കൂടിനുള്ളിൽ നിന്ന് പ്രവർത്തിക്കണം, പാർട്ടിയുടെ സമ്മേളനങ്ങളിൽ പങ്കെടുക്കണമെന്നുമാണ് നേതൃത്വത്തിന്റെ വിശദീകരണം.
വെള്ളിനേഴി, ഷൊർണൂർ, ലക്കടി പേരൂർ, പാലക്കാട് സൗത്ത്, മേലാർക്കോട്, പറളി വടവന്നൂർ, അയിലൂർ മണ്ഡലം കമ്മിറ്റികളാണ് സംസ്ഥാന ജനറൽ സെക്രട്ടറി എം.ധനീഷ് ലാൽ പിരിച്ചു വിട്ടത്. ജില്ലാ സമ്മേനവുമായി സഹകരിക്കത്ത മണ്ഡലം കമ്മിറ്റികളാണ് പിരിച്ച് വിട്ടത് എന്നാണ് നടപടി എടുത്ത കത്തിൽ വിശദീകരിക്കുന്നത്.