ചാലിയാറിൽ ഇന്ന് മാസ് തിരച്ചിൽ: ഇതുവരെ കണ്ടെത്തിയത് 197 മൃതദേഹം
|ഇന്ന് ലഭിച്ചത് 3 മൃതദേഹവും 5 ശരീരഭാഗങ്ങളും
മലപ്പുറം: ചാലിയാർ പുഴയിൽനിന്ന് ഇന്നും മൃതദേഹവും ശരീരഭാഗവും കണ്ടെത്തി. മച്ചികൈ, ഇരുട്ടുകുത്തി, അംബുട്ടാൻ പെട്ടി, തൊടി മുട്ടി, നീർപ്പുഴ, മുക്കം ഭാഗങ്ങളിലായി നടത്തിയ തിരച്ചിലിലാണ് വീണ്ടും മൃതദേഹവും ശരീരഭാഗങ്ങളും കണ്ടെത്തിയത്. ഇന്ന് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചത് ആകെ 8 മൃതദേഹങ്ങളാണ്. 3 മൃതദേഹവും 5 ശരീരഭാഗങ്ങളുമുൾപ്പെടെയാണിത്. ഇതോടെ ഇവിടെയെത്തിച്ച ആകെ മൃതദേഹങ്ങൾ 197 ആയി. 70 മൃതദേഹങ്ങളും 127 ശരീരഭാഗങ്ങളുമാണ് ഇതിലുൾപ്പെടുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ചാലിയാറിന്റെ സമീപത്തുള്ള ഉൾവനങ്ങളിൽ സന്നദ്ധപ്രവർത്തകർ ഉൾപ്പെടെ തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ ഇന്നുമുതൽ സൈന്യം മാത്രമായിരിക്കും ഇവിടെ തിരച്ചിൽ നടത്തുക. കഴിഞ്ഞ ദിവസം ഇവിടെയെത്തിയ രക്ഷാപ്രവർത്തകർ ഉൾവനത്തിൽ കുടുങ്ങിയ സാഹചര്യം കണക്കിലെടുത്താണ് മേഖലയിൽ സന്നദ്ധപ്രവർത്തകർക്കും പ്രദേശവാസികൾക്കും നിയന്ത്രണമേർപ്പെടുത്താൻ തീരുമാനിച്ചത്.
ഇനി ഇവരുടെ സേവനം ചാലിയാറിന്റെ താഴെയുള്ള പ്രദേശങ്ങളിൽ ലഭ്യമാക്കും. ഇവിടെനിന്ന് അവസാനത്തെ മൃതദേഹവും കണ്ടെത്തിയതിനു ശേഷം മാത്രമേ തിരച്ചിൽ അവസാനിപ്പിക്കുകയുള്ളൂവെന്ന് സ്ഥലം സന്ദർശിച്ചതിനുശേഷം മന്ത്രി പി. പ്രസാദ് പറഞ്ഞിരുന്നു.