'ദേശീയ- അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണം; നാളെ ജനകീയ തിരച്ചിൽ': മുഖ്യമന്ത്രി
|ദുരന്ത മേഖല സന്ദർശിക്കുന്ന പ്രധാനമന്ത്രി കാര്യങ്ങൾ മനസ്സിലാക്കി അനുകൂല നിലപാട് സ്വീകരിക്കുമെന്ന് കരുതുന്നുവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തം ദേശീയ ദുരന്തമായും അതിതീവ്ര ദുരന്തമായും പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതി. ദുരന്തത്തിന്റെ തീവ്രത മനസിലാക്കി സമഗ്രമായ പുനരധിവാസ പാക്കേജിനടക്കം കേന്ദ്രത്തിന്റെ സഹായം ലഭിക്കുമെന്നാണ് കരുതുന്നതെന്നും ഈ വലിയ ദൗത്യത്തിന് കേന്ദ്രം നൽകുന്ന പിന്തുണയ്ക്കും സഹായത്തിനും നന്ദിയറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തിൽ നിന്നും ഇതുവരെ അനുകൂല പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. ശനിയാഴ്ച ദുരന്ത മേഖല സന്ദർശിക്കുന്ന പ്രധാനമന്ത്രി കാര്യങ്ങൾ മനസ്സിലാക്കി അനുകൂല നിലപാട് സ്വീകരിക്കുമെന്ന് കരുതുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരന്ത തീവ്രത പരിശോധിച്ച് ഇക്കാര്യത്തിൽ റിപ്പോർട്ട് സമർപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം 9 അംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി രാജീവ് കുമാറാണ് ടീം ലീഡർ. അദ്ദേഹം തന്നെ സന്ദർശിച്ചിരുന്നു. വയനാട്ടിലെ ദുരന്ത മേഖലയിൽ ഇന്നും തിരച്ചിൽ തുടരുകയാണ്. ഉരുൾപൊട്ടലിൽ 225 മരണമാണ് സ്ഥിരീകരിച്ചത്. മേപ്പാടിയിൽ നിന്ന് 148 ഉം നിലമ്പൂരിൽ നിന്ന് 77 മൃതദേഹങ്ങളുമാണ് ലഭിച്ചത്. ഇതിനു പുറമെ മേപ്പാടിയിൽ നിന്ന് 30 ഉം നിലമ്പൂർ മേഖലയിൽ നിന്ന് 165 ഉം ശരീരഭാഗം കണ്ടെത്തി. കണ്ടെടുത്ത ശരീരഭാഗങ്ങളിൽ 90 ശതമാനമോ മുകളിലോ ആണെങ്കിൽ അതൊരു മൃതദേഹമായി കണക്കാക്കും. 90 ശതമാനത്തിൽ താഴെയെങ്കിൽ അത് ശരീരഭാഗമായാണ് കണക്കാക്കുന്നത്.
ഒരാളുടെ തന്നെ ശരീരഭാഗങ്ങൾ വ്യത്യസ്ത പ്രദേശത്ത് നിന്ന് ലഭിക്കാൻ സാധ്യതയുണ്ട്. തിരിച്ചറിഞ്ഞവയുടേതും പ്രത്യേകമായി കിട്ടിയിട്ടുണ്ടാവും.അതിനാൽ എല്ലാ ശരീരഭാഗങ്ങളുടേയും തിരിച്ചറിഞ്ഞതുൾപ്പെടെയുള്ള മൃതദേഹങ്ങളുടേയും ഡിഎൻഎ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനാഫലം മുഴുവൻ വന്നതിന് ശേഷം മാത്രമേ മൃതദേഹത്തിന്റെ കൃത്യമായ എണ്ണം കണക്കാക്കാനാവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രദേശത്ത് നിന്ന് കാണാതായ 131 പേരുടെ പേര് വിവരങ്ങൾ പ്രസിദ്ധീകരിച്ചു. ലഭിച്ച ശരീരഭാഗങ്ങളുടെ എണ്ണം മരിച്ചവരുടെ എണ്ണമായി പറയുന്നത് ശാസ്ത്രീയമായി ശരിയല്ല. തിരച്ചിൽ പൂർണമായിട്ടില്ല. 225 മൃതദേഹങ്ങളും 195 ശരീരഭാഗങ്ങളും ചേർത്ത് 420 പോസ്റ്റ്മോർട്ടം നടത്തി. 7 ശരീരഭാഗങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. 178 മൃതദേഹങ്ങളും 2 ശരീരഭാഗങ്ങളും ബന്ധുക്കൾക്ക് വിട്ട് നൽകി. 47 മൃതദേഹങ്ങളും 186 ശരീരഭാഗങ്ങളും ചേർത്ത് 223 സംസ്കാരങ്ങളാണ് നടന്നത്. ഉരുൾപൊട്ടലുണ്ടായ മേഖലയിലെ മേപ്പാടിയിൽ 14 ക്യാമ്പുകളിലായി 641 കുടുംബങ്ങളാണ് ഉള്ളത്.
735 പുരുഷന്മാരും 743 സ്ത്രീകളും 464 കുട്ടികളുമടക്കം 1942 പേരാണ് ഇവിടെയുള്ളത്. ക്യാമ്പുകളിൽ കഴിയുന്നവരുടെ താല്കാലിക പുനരധിവാസം ഉറപ്പാക്കാൻ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലെ 27 ക്വോട്ടേഴ്സ് ഉൾപ്പെടെ 91 സർക്കാർ ക്വോട്ടേഴ്സുകൾ ലഭ്യമാക്കും.
മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ നാളെ ജനകീയ തിരച്ചിൽ നടത്തും. ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിൽ കഴിയുന്നവരേയും ഉൾപ്പെടുത്തിയാവും തിരച്ചിൽ. ദുരന്തത്തിനിരകളായവരിൽ തിരച്ചിലിൽ പങ്കെടുക്കാൻ താല്പര്യമുള്ളവരെ വാഹനങ്ങളിൽ വീടുകൾ നിലനിന്നിരുന്ന സ്ഥലങ്ങളിലേക്ക് സുരക്ഷാ ഉദ്യോഗസ്ഥരുടേയും തിരച്ചിൽ സംഘങ്ങളുടേയും കൂടെയായിരിക്കും അയക്കുക. ഉരുൾപൊട്ടലുണ്ടായ പ്രദേശത്തെ ആറ് മേഖലയായി തിരിച്ചാണ് തിരച്ചിൽ. ഇതിനകം സാധ്യമായ എല്ലാതരത്തിലും തിരച്ചിൽ നടത്തി. ബന്ധുക്കളിൽ നിന്നും ലഭിക്കുന്ന വിവരം ഉപയോഗിച്ച് ആരെയെങ്കിലും കണ്ടെത്താനാവുമോ എന്ന അവസാനവട്ട പരിശ്രമമാണ് ഇതിൽ നിന്നും ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്തുത്യർഹമായ രക്ഷാ ദൗത്യത്തിന് ശേഷം ഇന്ത്യൻ കരസേന, നാവികസേനകളിലെ ഒരു വിഭാഗം മടങ്ങി. മേജർ ജനറൽ വി.ടി മാത്യുവിന്റെ നേതൃത്വത്തിലെത്തിയ സൈനിക സംഘമാണ് ദുരന്തമുഖത്ത് നിന്ന് മടങ്ങിയത്. മറ്റ് സേനാവിഭാഗങ്ങൾക്കൊപ്പം കാര്യക്ഷമമായ രക്ഷാദൗത്യത്തിന് ശേഷമാണ് ഇവരുടെ മടക്കമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം വയനാട്ടിലേക്ക് ഇനി സാധനങ്ങൾ ശേഖരിച്ച് അയക്കേണ്ടതില്ലെന്നും ആവശ്യത്തിൽ കൂടുതലാണ് ലഭിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് സാമ്പത്തിക സഹായത്തിന് പ്രാധാന്യം നൽകണം. ഇതിന് ഏറ്റവും നല്ലവഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുക എന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. കലക്ഷൻ സെന്ററിൽ 7 ടൺ പഴകിയ ഉപയോഗിച്ച തുണികൾ ലഭിച്ചതായും അദ്ദേഹം പറഞ്ഞു.