പ്രസവാവധി തട്ടിപ്പ്: അധ്യാപകർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി
|''സർക്കാർ ജീവനക്കാർ സർക്കാരിനെ കബളിപ്പിക്കരുത്''
കോഴിക്കോട്: പ്രസവാവധി തട്ടിപ്പ് നടത്തിയ അധ്യാപകർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി മീഡിയവണിനോട്. പ്രസവ തീയതി മറച്ചുവെച്ച് ആനുകൂല്യങ്ങൾ നേടുന്നത് കേരള സംസ്‌കാരത്തിന് ചേർന്നതല്ല. സർക്കാർ ജീവനക്കാർ സർക്കാരിനെ കബളിപ്പിക്കരുതെന്നും മന്ത്രിപറഞ്ഞു.
അധ്യാപികമാരുടെ പ്രസവാവധി തട്ടിപ്പിൽ വിദ്യാഭ്യാസ വകുപ്പ് റിപ്പോർട്ട് തേടിയിട്ടുണ്ട്. നിയമവിരുദ്ധ അവധി തരപ്പെടുത്തിയവർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. വിദ്യാഭ്യാസ ഓഫീസർമാർ അധ്യാപികമാരുടെ സർവീസ് പുസ്തകം വരുത്തി പരിശോധിക്കണം. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് നിർദേശമുണ്ട്.
പ്രസവാവധിയുടെ മറവിലെ തട്ടിപ്പിൽ സംസ്ഥാന സർക്കാരിന് കോടികളാണ് നഷ്ടമായത്. അധ്യാപികമാർ തരപ്പെടുത്തുന്ന രണ്ട് മാസത്തെ അധിക അവധിയാണ് സർക്കാരിന് കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കിയത്. മുപ്പത് വർഷത്തോളമായി സ്‌കൂളുകളിൽ തട്ടിപ്പ് വ്യാപകമാണെന്ന് മീഡിയവൺ നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു.
അധ്യാപികമാർ അനർഹമായി നേടിയ അവധിക്കാലത്തെ ശമ്പളം, അലവൻസുകൾ, ഈ കാലയളവിലെ താൽക്കാലിക അധ്യാപർക്കുള്ള വേതനം തുടങ്ങി തിട്ടപ്പെടുത്താനാവാത്തത്ര രൂപയുടെ നഷ്ടമാണ് അധ്യാപികമാർ സർക്കാരിനുണ്ടാക്കുന്നത്. വിവരാവകാശ രേഖകൾ പ്രകാരം മുപ്പത് കൊല്ലത്തോളമായി ഈ തട്ടിപ്പ് നടക്കുന്നുണ്ട്. 30 കൊല്ലത്തെ തട്ടിപ്പുകാരെ പിടികൂടിയാൽ മാത്രം സർക്കാരിന് 500 കോടിയോളം രൂപ തിരിച്ചുപിടിക്കാനാകുമെന്നാണ് വിലയിരുത്തൽ
വേനലവധിക്കാലത്തും അതിനു തൊട്ടുമുമ്പും പ്രസവിക്കുന്ന അധ്യാപകർ മധ്യവേനലവധി ഉൾപ്പെടാത്ത രീതിയിൽ പ്രസവാവധി തരപ്പെടുത്തുന്നതാണ് പ്രസവാവധി തട്ടിപ്പ്. പ്രസവ തീയതി ഉൾപ്പെടെ തുടർച്ചയായി 180 ദിവസം അവധി എന്നതാണ് പ്രസവാവധിച്ചട്ടം.