'ജെയ്ക്ക് ബാലകുമാർ വീണയുടെ മെന്റർ'; തെളിവുകൾ രാവിലെ 11ന് പുറത്തുവിടുമെന്ന് മാത്യു കുഴൽനാടൻ
|'താൻ പറഞ്ഞതിൽ ഒരു വരിയോ അക്ഷരമോ പോലും പിൻവലിക്കാൻ തയ്യാറല്ല'
തിരുവനന്തപുരം: പി.ഡബ്ല്യു.സി ഡയറക്ടർ ജെയ്ക്ക് ബാലകുമാർ മുഖ്യമന്ത്രിയുടെ മകളുടെ മെന്റർ എന്ന ആരോപണത്തിലുറച്ച് പ്രതിപക്ഷം. വീണയുടെ കമ്പനി വെബ്സൈറ്റിൽ ഇക്കാര്യം രേഖപ്പെടുത്തിയിരുന്നെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. എന്നാൽ സ്വർണ്ണക്കടത്ത് വിവാദം കത്തി നിൽക്കെ വെബ്സൈറ്റിൽ നിന്ന് ഇക്കാര്യം പിൻവലിച്ചു. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് പുറത്തുവിടുമെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു.
വീണ വിജയന്റെ എക്സാലോജിക് കമ്പനിയുടെ വെബ്സൈറ്റിൽ ജെയ്ക്ക് ബാലകുമാർ തനിക്ക് മെന്ററെ പോലെയാണെന്ന് കുറിച്ചിരുന്നു. വിവാദങ്ങൾ ഉയർന്ന് വന്നപ്പോൾ വെബ്സൈറ്റ് അപ്രത്യക്ഷമായി. കുറച്ച് കാലം കഴിഞ്ഞ് വീണ്ടും വെബ്സൈറ്റ് പ്രത്യക്ഷപ്പെട്ടപ്പോൾ ബാലകുമാറിനെ കുറിച്ചുള്ള വാക്യങ്ങൾ മാറ്റിയിരുന്നു.
താൻ പറഞ്ഞതിൽ ഒരു വരിയോ അക്ഷരമോ പോലും പിൻവലിക്കാൻ തയ്യാറല്ലെന്നും ആരോപണം തെളിയിക്കാനുള്ള ബാധ്യത ഏറ്റെടുക്കുന്നു എന്നുമാണ് മാത്യു കുഴൽനാടന്റെ പ്രതികരണം.
'എനിക്ക് ഉത്തമ ബോധ്യമുള്ള കാര്യങ്ങളെ കുറിച്ചാണ് ഞാൻ പറഞ്ഞത്. മുഖ്യമന്ത്രി ഒച്ചവെക്കുമ്പോൾ ചുരുണ്ടുകൂടിയിരിക്കുന്ന പലരേയും കണ്ടിട്ടുണ്ടാവും. എന്നെ ആ ഗണത്തിൽ പെടുത്തണ്ട. ഇന്നു വരെ അദ്ദേഹത്തോട് വളരെ ബഹുമാനത്തോടുകൂടിയും ആദരവോടുകൂടിയും മാത്രമേ പെരുമാറിയിട്ടുള്ളൂ'- എംഎൽഎ കൂട്ടിച്ചേർത്തു.
ജെയ്ക്ക് ബാലകുമാർ തനിക്ക് മെന്ററെ പോലെയാണെന്ന് വീണ വിജയൻ കുറിച്ചിരുന്നുവെന്നാണ് മാത്യു കുഴൽനാടന്റെ ആരോപണം. എങ്ങനെയാണ് സെക്രട്ടേറിയറ്റിലേക്ക് എത്തിയതെന്ന് മുഖ്യമന്ത്രിക്ക് ഓർമയുണ്ടോയെന്ന് മാത്യു കുഴൽനാടൻ ചോദിച്ചു. പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് എന്ന കമ്പനിയാണ് സ്വപ്നയെ നിയമിച്ചത്. പി.എസ്.സി. ഉദ്യോഗാർഥികൾ സമരം ചെയ്യുമ്പോൾ ഒന്നര ലക്ഷം രൂപ ശമ്പളം നൽകിയാണ് സ്വപ്നയെ പി.ഡബ്ല്യു.സി. നിയമിച്ചതെന്നും പറഞ്ഞു. നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ചയിൽ ഇടപെട്ട് സംസാരിക്കുകകയായിരുന്നു മൂവാറ്റുപുഴ എംഎൽഎ. വീണയോടുള്ള എല്ലാ ബഹുമാനവും നിലനിർത്തിയാണ് ഇക്കാര്യം പറയുന്നതെന്നും കുഴൽനാടൻ പറഞ്ഞു.