വീണയുടെ അക്കൗണ്ടിൽ വന്നത് 1.72 കോടി രൂപയല്ല, അക്കൗണ്ട് വിവരങ്ങൾ പുറത്തു വന്നാൽ കേരളം ഞെട്ടും: മാത്യു കുഴൽനാടൻ
|വീണാ വിജയന്റെയും കമ്പനിയുടെയും അക്കൗണ്ട് വിവരങ്ങൾ സിപിഎം പുറത്തു വിടണമെന്നും കുഴൽനാടൻ
തൊടുപുഴ: മാസപ്പടി വിവാദത്തിൽ സിപിഎമ്മിനെ വെല്ലുവിളിച്ച് മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ. വീണാ വിജയൻ എത്ര തുക കൈപ്പറ്റിയെന്ന് സിപിഎമ്മിന് പറയാനാകുമോ എന്നും പുറത്തു വന്നതിലും എത്രയോ വലിയ തുകയാണ് വീണ കൈപ്പറ്റിയതെന്നും വാർത്താ സമ്മേളനത്തിൽ കുഴൽനാടൻ ആരോപിച്ചു.
"കേരളത്തിൽ ഇന്ന് നടക്കുന്നത് ആസൂത്രിതമായ കൊള്ളയും സ്ഥാപനവൽക്കരിക്കപ്പെട്ട അഴിമതിയുമാണ്. വീണാ വിജയന്റെ വ്യക്തിപരമായ അക്കൗണ്ട് കാര്യങ്ങളിലേക്ക് കടക്കുന്നില്ല. എക്‌സാ ലോജിക്ക് കമ്പനി കൂടുതൽ തുക കൈപ്പറ്റി. വീണാ വിജയന് 1 കോടി 72 ലക്ഷം രൂപ മാത്രമേ ലഭിച്ചൂ എന്ന് സിപിഎമ്മിന് പറയാനാകുമോ? കമ്പനിയുടെയും വീണാ വിജയന്റെയും അക്കൗണ്ട് വിവരങ്ങൾ പുറത്തു വിടാൻ സിപിഎം തയ്യാറാകണം. വീണയുടെ ജിഎസ്ടി അക്കൗണ്ടിന്റെ വിശദാംശങ്ങൾ പുറത്തുവന്നാൽ കേരളം ഞെട്ടും. കഴിഞ്ഞ രണ്ടു ദിവസമായി വെല്ലുവിളിച്ചിട്ടും എന്തുകൊണ്ടാണ് വീണയുടെ അക്കൗണ്ടിന്റെ വിശദാംശങ്ങൾ സിപിഎം പുറത്തു വിടാത്തത്? കടലാസ് കമ്പനികൾ വഴി കള്ളപ്പണം വെളുപ്പിക്കുന്ന നടപടിയാണ് സംസ്ഥാനം നടത്തുന്നത്.
എക്‌സാലോജിക്ക് കമ്പനിയും വീണയും എന്തുകൊണ്ടാണ് ജിഎസ്ടി അക്കൗണ്ടുകൾ ക്ലോസ് ചെയ്തത്. സിഎംആർഎല്ലിൽ നിന്ന് മാത്രമല്ലാതെ മറ്റ് കമ്പനികളിൽ നിന്നും എക്‌സാലോജിക് പണം കൈപ്പറ്റിയിട്ടുണ്ട്. എക്‌സാലോജിക്കോ വീണാ വിജയനോ സിഎംആർഎല്ലിന് ഒരു സർവീസും നൽകിയിട്ടില്ല". കുഴൽനാടൻ പറഞ്ഞു.
തന്റെ ആരോപണങ്ങൾ സിപിഎം നിഷേധിക്കുകയാണെങ്കിൽ അപ്പോൾ കൂടുതൽ കാര്യങ്ങൾ പറയാമെന്നും കുഴൽനാടൻ കൂട്ടിച്ചേർത്തു. രേഖകളുടെ അടിസ്ഥാനത്തിൽ ഇന്ന് വാർത്താ സമ്മേളനം നടത്തുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും രേഖകളൊന്നും എംഎൽഎ പുറത്തു വിട്ടിട്ടില്ല.