ധനവകുപ്പിന്റേത് കത്തല്ല, കാപ്‌സ്യൂൾ; ജി.എസ്.ടി വിഷയം മുഖ്യമായി കാണിക്കാൻ സി.പി.എം ശ്രമം: മാത്യു കുഴൽനാടൻ
|വീണാ വിജയൻ കൈപ്പറ്റിയ മാസപ്പടിയാണ് പ്രധാന വിഷയം. അത് മറച്ചുവെക്കാനാണ് ജി.എസ്.ടി ചർച്ചയാക്കാൻ സി.പി.എം ശ്രമിക്കുന്നതെന്ന് കുഴൽനാടൻ ആരോപിച്ചു.
കൊച്ചി: വീണാ വിജയനെതിരായ മാസപ്പടി ആരോപണത്തിൽ സി.പി.എം വിമർശനങ്ങൾക്ക് മറുപടിയുമായി മാത്യു കുഴൽനാടൻ എം.എൽ.എ. ജി.എസ്.ടിയല്ല വീണ കൈപ്പറ്റിയ മാസപ്പടിയാണ് വിഷയം. ധനവകുപ്പ് നൽകിയത് കത്തല്ല, കാപ്‌സ്യൂളാണ്. ജി.എസ്.ടി വിഷയം മുഖ്യമായി ഉയർത്തിക്കാട്ടാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും കുഴൽനാടൻ ആരോപിച്ചു.
സി.എം.ആർ.എൽ കമ്പനിയിൽനിന്ന് 1.72 കോടി മാസപ്പടിയായി മുഖ്യമന്ത്രിയുടെ മകൾ കൈപ്പറ്റിയെന്ന ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ റിപ്പോർട്ടാണ് ജി.എസ്.ടി വിഷയം താൻ ഉന്നയിക്കാൻ കാരണം. വീണാ വിജയൻ മാസപ്പടി വാങ്ങിയെന്നതാണ് പ്രധാനപ്പെട്ട ആരോപണം. ധനവകുപ്പിന്റെ മറുപടിയിൽ 1.72 കോടിയുടെ കാര്യം മിണ്ടുന്നില്ല. കത്ത് തനിക്കോ തന്റെ ഓഫീസിനോ ലഭിച്ചിട്ടില്ല. മാധ്യമപ്രവർത്തകർ വഴിയാണ് കത്ത് തനിക്ക് ലഭിച്ചതെന്നും കുഴൽനാടൻ പറഞ്ഞു.
സി.എം.ആർ.എൽ എന്ന കമ്പനി എക്‌സാലോജിക്കുമായി ഒരു കരാറിൽ ഏർപ്പെട്ടുവെന്ന് കത്തിലുണ്ട്. മൂന്നു ലക്ഷം മാസം ലഭിക്കുന്ന രീതിയിൽ 2.3.2017ൽ സി.എം.ആർ.എൽ കമ്പനി വീണയുടെ കമ്പനിയുമായി കരാർ ഒപ്പിട്ടു. 1.1.2017 മുതൽ വീണാ വിജയനുമായി അഞ്ച് ലക്ഷം മാസം നൽകുന്ന മറ്റൊരു കരാറുണ്ടായിട്ടുണ്ട്. എക്‌സാലോജിക്കിന് 1.7.2017ലാണ് ജി.എസ്.ടി തുടങ്ങുന്നത്. വീണാ വിജയൻ ജി.എസ്.ടി രജിസ്‌ട്രേഷൻ നടത്തിയത് 17.1.2018 ലാണ്. അപ്പോൾ ഈ കരാർ പ്രകാരമുള്ള തുകയുടെ ജി.എസ്.ടി എങ്ങനെ അടയ്ക്കാനാകുമെന്നും കുഴൽനാടൻ ചോദിച്ചു.
സർക്കാർ സംവിധാനങ്ങളെ ഒരു കുടുംബത്തിന്റെ കൊള്ളക്ക് വേണ്ടി ഉപയോഗിക്കുന്നതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണിത്. പിണറായിയുടെ കുടുംബം നടത്തുന്ന കൊള്ള സംരക്ഷിക്കാൻ ഗുരുതരമായ കാര്യങ്ങളാണ് ധനവകുപ്പ് ചെയ്യുന്നത്. സാന്റ മോണിക്കയിൽനിന്നും എക്‌സാലോജിക് ഒരുകോടിയിലധികം രൂപ കൈപ്പറ്റിയിരുന്നു. സാന്റ മോണിക്കക്കെതിരെ ജി.എസ്.ടി ഇന്റലിജൻസ് അന്വേഷണം നടത്തിയിട്ടില്ല. പാർട്ടിയിലെ പലരും കൊള്ളയെ ന്യായീകരിക്കുകയാണെന്നും മാത്യു പറഞ്ഞു.