മാത്യു കുഴൽനാടന്‍റെ കുടുംബവീട്ടിൽ നാളെ റവന്യൂ വിഭാഗം റീസർവേ നടക്കും
|കോതമംഗലം കടവൂർ വില്ലേജിലെ ഭൂമിയിലാണ് സർവെ നടക്കുക
കൊച്ചി: മാത്യു കുഴൽനാടൻ എം.എൽ.എയുടെ കുടുംബവീട്ടിൽ വെള്ളിയാഴ്ച റവന്യൂ വിഭാഗത്തിന്റെ റീസർവേ നടക്കും. കോതമംഗലം കടവൂർ വില്ലേജിലെ ഭൂമിയിലാണ് സർവെ. നാളെ രാവിലെ 11നാണ് റീസർവേ തീരുമാനിച്ചിരിക്കുന്നത്. വീട്ടിലേക്കുള്ള റോഡ് നിർമ്മിക്കാന്‍ ഭൂമി മണ്ണിട്ട് നികത്തിയെന്ന പരാതി വിജിലന്‍സിന് മുന്നിലുണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ വിജിലൻസ് ആവശ്യപ്പെട്ടതനുസരിച്ചാണ് സർവേ നടത്തുന്നതെന്ന് റവന്യൂ ഉദ്യോഗസ്ഥർ പറയുന്നത്.
സർവേക്ക് ആവശ്യമായ സൗകര്യം ചെയ്തുകൊടുക്കണമെന്നാവശ്യപ്പെട്ട് താലൂക്ക് സർവേയർ മാത്യു കുഴൽനാടൻ എം എൽ എയ്ക്ക് നോട്ടീസ് നൽകി. നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ മീഡിയവണിനോട് പറഞ്ഞു.
അതേസമയം, മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കെതിരെ ആരോപണം കടുപ്പിച്ച് സിപിഎം. നികുതി വെട്ടിപ്പും രജിസ്ട്രേഷന്‍ തട്ടിപ്പുള്‍പ്പെടെ സിപിഎം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് എംഎല്‍എക്ക് മറുപടി നല്‍കാനാകുന്നില്ലെന്ന് എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ പറഞ്ഞു. അനധികൃത റിസോർട്ട് സംരക്ഷിക്കാനാണ് മാത്യു കുഴൽനാടൻ ഭൂവിനിയോഗ ബില്ലിനെ എതിർത്തതെന്ന് സി.പി.എം ഇടുക്കി ജില്ലാ നേതൃത്വവും ആരോപിച്ചു. എംഎല്‍എക്കെതിരെ സമരപരിപാടികള്‍ ശക്തമാക്കാനാണ് ഡിവൈഎഫ്ഐ തീരുമാനം.
ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ ചിന്നക്കനാലില്‍ തനിക്കുളളത് ഗസ്റ്റ് ഹൗസാണെന്ന് മാത്യു കുഴല്‍നാടന്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ വീട് വെക്കാന്‍ മാത്രം അനുവാദമുളള സ്ഥലത്ത് റിസോര്‍ട്ട് പണിത മാത്യു കുഴല്‍നാടന്‍ നിയമലംഘനം ഇപ്പോഴും തുടരുകയാണെന്ന് സി.എന്‍ മോഹനന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ കണക്കുകള്‍ കൃത്യമല്ല. വെളിപ്പെടുത്തിയ വരുമാനത്തിന്റെ മുപ്പത് മടങ്ങ് അഞ്ച് വര്‍ഷത്തിനിടെ വര്‍ധിച്ചുവെന്നും സി.എന്‍ മോഹനന്‍ ആരോപിച്ചു.
നിയമസഭയിൽ ഭൂവിനിയോഗ ബില്ലിനെ എതിർത്തതെന്ന് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗീസ് ആരോപിച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന ചിന്നക്കനാൽ പഞ്ചായത്ത് ഭരണ സമിതിയെ സ്വാധീനിച്ചാണ് ലൈസൻസ് പുതുക്കിയതെന്നും അദ്ദേഹം ആരോപിച്ചു.