മുഖ്യമന്ത്രിക്കെതിരെ മാത്യു കുഴൽനാടൻ നൽകിയ അവകാശ ലംഘന നോട്ടീസ് തള്ളി
|സ്വർണക്കടത്ത് കേസ് അട്ടിമറിക്കുന്നുവെന്ന അടിയന്തര പ്രമേയ നോട്ടീസിലായിരുന്നു മാത്യു കുഴൽ നാടൻ്റെ ആരോപണവും മുഖ്യമന്ത്രിയുടെ നിഷേധവും
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ മാത്യു കുഴൽ നാടൻ എം.എൽ.എ നൽകിയ അവകാശ ലംഘന നോട്ടീസ് സ്പീക്കർ തള്ളി. പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് ഡയറക്ടർ ജെയ്ക്ക് ബാലകുമാർ മുഖ്യമന്ത്രിയുടെ മകളുടെ മെൻ്റർ അല്ലെന്ന് സ്പീക്കർ സഭയെ അറിയിച്ചു. അതേസമയം മകളുടെ കമ്പനിയുടെ മെൻററാണ് ജെയ്ക്ക് ബാലകുമാറെന്നും സ്പീക്കറുടെ വിശദീകരണത്തിലുണ്ട്.
സ്വർണക്കടത്ത് കേസ് അട്ടിമറിക്കുന്നുവെന്ന അടിയന്തര പ്രമേയ നോട്ടീസിലായിരുന്നു മാത്യു കുഴൽ നാടൻ്റെ ആരോപണവും മുഖ്യമന്ത്രിയുടെ നിഷേധവും. എന്നാൽ മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചതായി കാട്ടി മാത്യു കുഴൽ നാടൻ പിന്നീട് അവകാശ ലംഘനത്തിന് നോട്ടീസ് നൽകി. പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് ഡയറക്ടർ ജയ്ക്ക് ബാലകുമാർ മുഖ്യമന്ത്രിയുടെ മകളുടെ മെൻററാണെന്ന ആരോപണത്തിൽ ഉറച്ച് നിന്നായിരുന്നു മാത്യു കുഴൽനാടൻ്റെ നോട്ടീസ്. തുടർന്ന് സ്പീക്കർ മുഖ്യമന്ത്രിയുടെ വിശദീകരണം തേടി. ഇത് അംഗീകരിച്ചാണ് അവകാശ ലംഘന നോട്ടീസ് സ്പീക്കർ തള്ളിയത്.
മാത്യു കുഴൽനാടൻ്റെ അവകാശ ലംഘന നോട്ടീസിന് അനുമതി നിഷേധിച്ചെങ്കിലും മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുടെ മെൻ്ററാണ് ജെയ്ക്ക് ബാലകുമാറെന്ന സ്പീക്കറുടെ വിശദീകരണത്തിലെ ഭാഗം പ്രതിപക്ഷം വരും ദിവസങ്ങളിൽ ആയുധമാക്കും.