മഅ്ദനിയുടെ ജാമ്യാപേക്ഷ: സുപ്രിംകോടതി കർണാടകയുടെ അസത്യവാദങ്ങള് സ്വീകരിച്ചെന്ന് പിഡിപി
|2014 മുതൽ സുപ്രിംകോടതി നിർദേശിച്ച കടുത്ത നിബന്ധനകൾക്ക് വിധേയമായുള്ള ജാമ്യത്തിൽ ബംഗളൂരുവിൽ കഴിയുന്ന മഅ്ദനിയിൽനിന്ന് ഇതുവരെ വ്യവസ്ഥകൾ ലംഘിക്കുന്ന യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന് പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ് വാർത്താകുറിപ്പിൽ പറഞ്ഞു
അബ്ദുന്നാസിർ മഅ്ദനി ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി സമർപ്പിച്ച ഹരജി തള്ളിയ സുപ്രിംകോടതി വിധി വസ്തുതകൾ മനസ്സിലാക്കാതെയാണെന്ന് പിഡിപി കേന്ദ്ര കമ്മിറ്റി. കർണാടക സർക്കാരിന്റെ അസത്യങ്ങൾ നിറഞ്ഞ വാദങ്ങൾ കണക്കിലെടുത്തുള്ളതാണ് വിധി. 2014 മുതൽ സുപ്രിംകോടതി നിർദേശിച്ച കടുത്ത നിബന്ധനകൾക്ക് വിധേയമായുള്ള ജാമ്യത്തിൽ ബംഗളൂരുവിൽ കഴിയുന്ന മഅ്ദനിയിൽനിന്ന് ഇതുവരെ വ്യവസ്ഥകൾ ലംഘിക്കുന്ന യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന് പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ് വാർത്താകുറിപ്പിൽ പറഞ്ഞു.
മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള നിരവധി സാക്ഷികളെ കൃത്യസമയത്ത് ഹാജരാക്കാതെയും വിചാരണ കഴിഞ്ഞ സാക്ഷികളെപ്പോലും നിരവധി തവണ പുനർവിചാരണക്ക് വേണ്ടി വിളിപ്പിച്ചും പ്രോസിക്യൂഷൻ വിചാരണാനടപടികൾ ദീർഘിപ്പിച്ചിരിന്നു. ഇതിന്റെ പേരിൽ നിരവധി തവണ സുപ്രിംകോടതിയിൽ നിന്നുൾപ്പെടെ വിമർശനങ്ങൾ കർണാടക സർക്കാർ നേരിട്ടിട്ടുണ്ട്. നിലവിൽ വിചാരണാകോടതിയിൽ മഅ്ദനി നൽകിയിട്ടില്ലാത്ത ഒരു റീകോൾ അപേക്ഷയെ പറ്റി സുപ്രിംകോടതിയെ തെറ്റായി ധരിപ്പിക്കുകയാണുണ്ടായത്. കേരളത്തിൽ മഅ്ദനിക്കെതിരെ നിരവധി കേസുകൾ നിലനിൽക്കുന്നുവെന്ന തെറ്റായ മറ്റൊരു വിവരവും കോടതിയെ അറിയിച്ചു. 1992ൽ അന്നത്തെ സർക്കാർ പ്രകോപനപരമായി പ്രസംഗിച്ചുവെന്ന് ആരോപിച്ച് എടുത്ത 153-എ പ്രകാരമുള്ള മുഴുവൻ കേസുകളും നിലനിൽക്കാൻ പോലും അർഹതയില്ലെന്ന കാരണം പറഞ്ഞ് വർഷങ്ങൾക്ക് മുമ്പേ കോടതികൾ തള്ളിക്കളഞ്ഞതാണ്-വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടി.
ബാബരി മസ്ജിദ് തകർത്തകേസിൽ പോലും മഅ്ദനിക്ക് പങ്കാളിത്തമുണ്ടെന്ന തരത്തിലുള്ള നട്ടാൽ മുളക്കാത്ത ആരോപണങ്ങളാണ് ഉന്നയിച്ചത്. എന്നാൽ ഇതെല്ലാം തെറ്റാണെന്നും മുമ്പ് പലതവണ സുപ്രിംകോടതി നിർദേശപ്രകാരം പൊലീസ് നിരീക്ഷണത്തിലും അല്ലാതെയും കേരളത്തിലെത്തുകയും രോഗിയായ മാതാപിതാക്കളെ സന്ദർശിച്ച് തിരിച്ചെത്തുകയും ചെയ്തിട്ടുണ്ടെന്നും മഅ്ദനിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ഉന്നയിച്ചതാണ്. 2014ൽ ജാമ്യം നൽകിയ വേളയിൽ നാല് മാസത്തിനകം കേസ് പൂർത്തിയാക്കാമെന്ന് കർണാടക സർക്കാർ നൽകിയ ഉറപ്പ് ലംഘിച്ചതും ചൂണ്ടിക്കാട്ടിയിരുന്നു. ആ വാദമുഖങ്ങൾ പരിഗണിക്കാതെയും വിസ്മരിച്ചുമാണ് സുപ്രിംകോടതി ദൗർഭാഗ്യകരമായ വിധി പുറപ്പെടുവിച്ചത്-പിഡിപി വാർത്താകുറിപ്പിൽ പറയുന്നു.
സുപ്രിംകോടതി നിർദേശിച്ച ജാമ്യവ്യവസ്ഥകൾ പൂർണമായി പാലിച്ചുകൊണ്ടാണ് താൻ ബംഗളൂരുവിൽ തുടരുന്നതെന്നും 2014 മുതൽ ഇവിടെ തുടരുന്ന തനിക്ക് താമസം ഉൾപ്പെടെയുള്ള ജീവിതച്ചെലവുകളുടെ അമിതഭാരവും മഅ്ദനി അപേക്ഷയിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഒട്ടനവധി രോഗങ്ങൾമൂലം തന്റെ ആരോഗ്യം വലിയ പ്രതിസന്ധി നേരിടുകയാണ്. അടുത്തിടെ ഡോക്ടറുടെ നിർദേശപ്രകാരം സർജറിക്ക് വിധേയമായിരുന്നു. കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ വിചാരണാ നടപടിക്രമങ്ങൾ നീളാനുള്ള സാധ്യതയുണ്ട്. തന്റെ സാന്നിധ്യം ആവശ്യമില്ലാതെ ഇനിയുള്ള വിചാരണാ നടപടിക്രമങ്ങൾ തുടരാമെന്നും ആവശ്യമാകുമ്പോഴൊക്കെ കോടതിയിൽ ഹാജരാകാമെന്നും കോടതിയെ മഅ്ദനി അറിയിച്ചതാണ്. രോഗിയായ പിതാവിനെ സന്ദർശിക്കാനും പരിചരിക്കാനുമുള്ള സാഹചര്യം അനുവദിക്കണമെന്നും അദ്ദേഹം അപേക്ഷിച്ചു. എന്നാൽ, ഈ അപേക്ഷ കർണാടക സർക്കാരിന്റെ അസത്യങ്ങൾ നിറഞ്ഞ സത്യവാങ്മൂലം സ്വീകരിച്ച് തള്ളികളഞ്ഞ കോടതി വിധി ദൗർഭാഗ്യകരവും അനീതിയുമാണെന്നും മുഹമ്മദ് റജീബ് പ്രസ്താവനയിൽ പറഞ്ഞു.