മണ്ണെടുക്കുന്നതിനെതിരായ ജനകീയ പ്രതിഷേധം: മാവേലിക്കര എംഎൽഎക്ക് മർദനമേറ്റു
|പാലമേൽ പഞ്ചായത്തിൽ സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കാൻ ശ്രമിക്കുകയാണ്
ആലപ്പുഴ: പാലമേൽ പഞ്ചായത്തിലെ മറ്റപ്പള്ളിമലയിൽ നിന്ന് മണ്ണെടുക്കുന്നതിനെതിരായ ജനകീയ പ്രതിഷേധം നയിച്ച മാവേലിക്കര എംഎൽഎ എം .എസ് അരുൺകുമാറിന് മർദനമേറ്റു. കെ പി റോഡ് ഉപരോധിക്കുന്നതിനിടെയാണ് എംഎൽഎക്ക് മർദനമേറ്റത്. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കാൻ ശ്രമിക്കുകയാണ്. ഇതോടെ പ്രദേശത്ത് സംഘർഷാവസ്ഥയുണ്ട്.
സമരക്കാരെ നേരിട്ട പൊലീസ് നേരിട്ട രീതി തെറ്റാണെന്ന് എംഎൽഎ കെഎസ് അരുൺകുമാർ കുറ്റപ്പെടുത്തി. പൊലീസ് മര്യാദയില്ലാത്ത പ്രവർത്തിയാണ് കാണിച്ചതെന്നും ആവശ്യമെന്താണെന്ന് മനസ്സിലാക്കി പെരുമാറാൻ അവർ തയാറായില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പ്രായമായ ആളുകളെ പോലും പൊലീസ് ബൂട്ട് ഇട്ട് ചവിട്ടിയെന്നും മാഫിയക്ക് വേണ്ടി പൊലീസ് പ്രവർത്തിക്കുന്നുവെന്നും എംഎൽഎ വിമർശിച്ചു.
ഇന്ന് രാവിലെ മുതൽ തുടങ്ങിയ മണ്ണെടുക്കലിനെതിരെ നാട്ടുകാരുടെ പ്രതിഷേധം നടക്കുകയാണ്. പ്രതിഷേധത്തിൽ പങ്കെടുത്ത സ്ത്രീകൾ ഉൾപ്പെടെയുള്ള ഇരുപതോളം പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സമരക്കാർക്കെതിരെ പൊലീസ് ലാത്തി വീശുകയും ചെയ്തു.
ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധിയുമായി വൻ പൊലീസ് സന്നാഹത്തോടെയാണ് മണ്ണെടുക്കാനെത്തിയതന്നെും തങ്ങളുടെ ഹരജി ഡിവിഷൻ ബെഞ്ച് പരിഗണിക്കാനിരിക്കുകയാണെന്നും പാലമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബി വിനോദ് പറഞ്ഞു. ഈ ഹരജി പരിഗണിക്കാതെ രാവിലെ നാലു മണിക്ക് മണ്ണെടുപ്പ് നടത്തുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മല നിരകൾ സംരക്ഷിക്കുക തന്നെ ചെയ്യുമെന്നും പറഞ്ഞു.