മേയർ ആര്യാ രാജേന്ദ്രന്റെ പരാതിയിൽ സർക്കാർ ഇന്ന് അന്വേഷണം പ്രഖ്യാപിച്ചേക്കും
|മേയറുടെ പരാതി പ്രത്യേക അന്വേഷണസംഘത്തിന് കൈമാറാനാണ് സാധ്യത. തന്റെ അറിവോ സമ്മതമോ ഇല്ലാതെ തയ്യാറാക്കിയ കത്തിനെ കുറിച്ച് അന്വേഷണം വേണമെന്നാണ് മുഖ്യമന്ത്രിയോട് മേയർ ആവശ്യപ്പെട്ടത്.
തിരുവനന്തപുരം: മേയറുടെ ലെറ്റർ പാഡിൽ പുറത്തുവന്ന കത്ത് സംബന്ധിച്ച മേയർ ആര്യാ രാജേന്ദ്രന്റെ പരാതിയിൽ സർക്കാർ ഇന്ന് അന്വേഷണം പ്രഖ്യാപിച്ചേക്കും. പാർട്ടി നിർദേശപ്രകാരമാണ് മേയർ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. അതേസമയം മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാൻ ആണ് ബിജെപിയുടെയും കോൺഗ്രസിന്റെയും തീരുമാനം. ബി.ജെ.പി കൗൺസിലർമാർ ഇന്ന് ഗവർണറെ കണ്ട് പരാതി നൽകും.
മേയറുടെ പരാതി പ്രത്യേക അന്വേഷണസംഘത്തിന് കൈമാറാനാണ് സാധ്യത. തന്റെ അറിവോ സമ്മതമോ ഇല്ലാതെ തയ്യാറാക്കിയ കത്തിനെ കുറിച്ച് അന്വേഷണം വേണമെന്നാണ് മുഖ്യമന്ത്രിയോട് മേയർ ആവശ്യപ്പെട്ടത്. ഫൊറൻസിക് പരിശോധന അടക്കമുള്ള ശാസ്ത്രീയ വഴികളിലൂടെ അന്വേഷണം വേണ്ടിവരും. കത്ത് വിവാദത്തിനിടെ സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിയേറ്റും ജില്ലാ കമ്മിറ്റിയും ഇന്ന് ചേരും. 15ലെ രാജ്ഭവൻ മാർച്ചിന്റെ ഒരുക്കങ്ങൾക്കായാണ് കമ്മിറ്റികൾ ചേരുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. യോഗങ്ങളുടെ അജണ്ടയിൽ കത്ത് വിവാദം ഉൾപ്പെടുത്തിയിട്ടുമില്ല. എങ്കിലും ആരെങ്കിലും വിഷയം ഉന്നയിച്ചാൽ ചർച്ച നടക്കും.
കത്ത് ചോർച്ചയിൽ ആരോപണം നേരിടുന്ന നഗരസഭാ പാർലമെന്ററി പാർട്ടിയിലെ നേതാക്കൾക്കെതിരെ വൈകാതെ നടപടിക്കും സാധ്യതയുണ്ട്. അതേസമയം രാജി ആവശ്യത്തിൽ ഇന്നും ശക്തമായ സമരങ്ങൾക്കാണ് സാധ്യത. കത്ത് വ്യാജമെങ്കിൽ ഇതിനുമുമ്പ് എത്ര കത്തുകൾ വ്യാജമായി ഉണ്ടാക്കിയെന്ന ചോദ്യമാണ് പ്രതിപക്ഷം ഉയർത്തുന്നത്. നഗരസഭയിലെ എസ്.സി/എസ്.ടി ഫണ്ട് തട്ടിപ്പ് മുതൽ കത്ത് വിവാദം വരെയുള്ളവയിൽ ഗവർണറുടെ ഇടപെടൽ ആവശ്യപ്പെട്ടാണ് ബി.ജെ.പി കൗൺസിലർമാർ ഇന്ന് ആരിഫ് മുഹമ്മദ് ഖാനെ കാണുന്നത്.