'ആ കത്ത് എന്റേതല്ല': വിശദീകരണവുമായി മേയർ ആര്യാ രാജേന്ദ്രൻ
|കത്തിന്റെ പേരിൽ അപകീർത്തിപ്പെടുത്താൻ ശ്രമം നടക്കുന്നുവെന്നും മേയർ
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ വിശദീകരണവുമായി മേയർ ആര്യാ രാജേന്ദ്രൻ. കത്ത് തന്റേതല്ലെന്നും കത്തിന്റെ പേരിൽ അപകീർത്തിപ്പെടുത്താൻ ശ്രമം നടക്കുന്നുവെന്നും മേയർ മാധ്യമങ്ങളോട് പറഞ്ഞു.
"കള്ളനെ പൊലീസ് പിടിച്ചുകൊണ്ടുപോകുന്നത് പോലെയാണ് മാധ്യമങ്ങൾ പിന്തുടരുന്നത്. എന്തെങ്കിലും മറച്ചു വയ്ക്കാനുണ്ടെങ്കിൽ മുഖ്യമന്ത്രിക്ക് പരാതി കൊടുക്കേണ്ട കാര്യമില്ല. പത്രക്കുറിപ്പിൽ സൂചിപ്പിക്കുന്നത് പോലെ തന്നെ അത്തരമൊരു കത്തിൽ നേരിട്ടോ അല്ലാതെയോ ഒപ്പിടുകയോ അത് ബന്ധപ്പെട്ട ഏതെങ്കിലും സ്ഥലത്തേക്ക് കൊടുക്കുകയോ ചെയ്തിട്ടില്ല എന്നത് ആവർത്തിക്കാൻ തന്നെയാണ് ആഗ്രഹിക്കുന്നത്. അതാണതിന്റെ സത്യാവസ്ഥയും.
അത്തരമൊരു കത്തിന്റെ ഉറവിടം പരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത്. കത്ത് ഉപയോഗിച്ച് കൊണ്ട് വ്യക്തിപരമായും അല്ലാതെയും ചില ആളുകൾ ബോധപൂർവമായി അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും അതിൽ അന്വേഷണം ഉണ്ടാവണം എന്നും അഭ്യർഥിച്ചാണ് പരാതി. കത്ത് ബോധപൂർവം നിർമിച്ചതാണോ അല്ലയോ എന്ന് അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താനാവൂ. സമഗ്രഹമായ അന്വേഷണം വേണമെന്നാണാവശ്യം.
ഓഫീസിനെ മേയർ സംശയിക്കുന്നുവെന്ന് ചില മാധ്യമങ്ങളിൽ കണ്ടു. അങ്ങനൊരാളെയും സംശയിക്കേണ്ട പോസ്റ്റിലല്ല ഉള്ളത്. നഗരസഭയുടെ ജീവനക്കാർ പകലെന്നോ രാത്രിയെന്നോ ഇല്ലാതെ കൂടെ പ്രവർത്തിക്കുന്നവരാണ്. നേരത്തേ ചില ജീവനക്കാർ തെറ്റ് കാണിച്ചപ്പോൾ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അങ്ങനെയൊരു പ്രവൃത്തി ഉണ്ടായിട്ടില്ലെന്നാണ് വിശ്വാസം. എന്നാലിതും അന്വേഷണത്തിലൂടെ മാത്രമേ തെളിയിക്കാനാവൂ.
ലെറ്റർ ഹെഡ് നിങ്ങൾ കണ്ടത് മാത്രമേ ഞാനും കണ്ടിട്ടുള്ളൂ. വ്യത്യാസമുണ്ടെങ്കിൽ തന്നെ കൃത്യമായ അന്വേഷണത്തിലൂടെയേ കണ്ടെത്താനാവൂ. മേയറുടെ ഔദ്യോഗിക ലെറ്റർ ഹെഡ് എന്നത് കംപ്യൂട്ടറിലുള്ള ഒരു ഫോണ്ട് ഉപയോഗിച്ച് തന്നെ തയ്യാറാക്കുന്നതാണ്. അതല്ലാതെ പ്രത്യേകമായി ഒരു ഫോണ്ടോ ഒന്നും തന്നെയില്ല. ഇന്നത്തെക്കാലത്ത് വ്യാജക്കത്തുകൾ തയ്യാറാക്കാൻ പ്രയാസമില്ല എന്നത് എല്ലാവർക്കും തന്നെ അറിയുകയും ചെയ്യാം". ആര്യ വ്യക്തമാക്കി.
updating