കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും
|എഫ്.ഐ.ആര് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് നടപടി
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. എഫ്.ഐ.ആര് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് നടപടി. ഓംബുഡ്സ്മാന്റെ കത്തിന് മറുപടി നൽകിയതിന് പിന്നാലെ ഹൈക്കോടതിക്കും കോർപ്പറേഷൻ രേഖാമൂലം വിശദീകരണം നൽകും. മേയറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ കോർപ്പറേഷന് മുന്നിൽ ഇന്നും തുടരും.
പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി നേരത്തെ മേയറുടെ മൊഴി എടുത്തിരുന്നെങ്കിലും കേസെടുത്ത പശ്ചാത്തലത്തിൽ വിശദമായ മൊഴി രേഖപ്പെടുത്താനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. പൊതുമരാമത്ത് വകുപ്പ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡി. ആർ അനിലിന്റെയും സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെയും മൊഴികളും ഉടൻ രേഖപ്പെടുത്തും. മേയറുടെ ഓഫീസിലെ ജീവനക്കാരുടെ മൊഴിയും എടുക്കും. കത്ത് തയ്യാറാക്കിയ കമ്പ്യൂട്ടറും വാട്സാപ്പിലൂടെ പ്രചരിപ്പിച്ച ഫോണുകളും കണ്ടെത്തേണ്ടതുണ്ട്. അന്വേഷണത്തിന്റെ രണ്ടാംഘട്ടത്തിൽ ഇവ കോടതിയുടെ അനുമതിയോടെ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനാണ് ക്രൈംബ്രാഞ്ച് ആലോചിക്കുന്നത്. കത്ത് ആദ്യം ഷെയർ ചെയ്യപ്പെട്ട വാട്സപ്പ് ഗ്രൂപ്പിന്റെ അഡ്മിനെ ചോദ്യം ചെയ്യുമെന്നും അന്വേഷണസംഘം വ്യക്തമാക്കി. വിശദീകരണം ആവശ്യപ്പെട്ട് ഓംബുഡ്സ്മാൻ നൽകിയ കത്തിന് കോർപ്പറേഷൻ ഇന്നലെ മറുപടി നൽകിയിരുന്നു.
പരാതി ഓംബുഡ്സ്മാന്റെ പരിധിയിൽ വരുന്നതല്ല എന്നും അന്വേഷണം ആവശ്യമില്ല എന്നും മറുപടിയിൽ പറയുന്നു. വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി നൽകിയ നോട്ടീസിനും കോർപ്പറേഷൻ ഉടൻ വിശദീകരണം നൽകും. അതേസമയം പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ല എന്ന നിലപാടാണ് പ്രതിപക്ഷത്തിന്റേത്. യു.ഡി.എഫ് - ബി.ജെ.പി നേതൃത്വത്തിൽ കോർപ്പറേഷന് അകത്തും പുറത്തും സമരം തുടരുകയാണ്. മേയറുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിൽ ശശി തരൂർ എം.പി പങ്കെടുക്കും. മഹിളാമോർച്ചയുടെ നേതൃത്വത്തിൽ കോർപ്പറേഷനിലേക്ക് ഇന്ന് മാർച്ച് നടത്തും.