Kerala
Mayor-KSRTC driver dispute; The investigation progress report was submitted
Kerala

മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം; അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു

Web Desk
|
22 Oct 2024 9:40 AM GMT

യദുവിന്റെ ഡ്യൂട്ടി സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകളും സംഭവം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് കോടതിയിൽ ഹാജരാക്കി.

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവുമായുള്ള തർക്കത്തിൽ പൊലീസ് അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചു. മാധ്യമശ്രദ്ധക്ക് വേണ്ടിയാണ് യദുവിന്റെ പരാതിയെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.

നാല്, അഞ്ച് പ്രതികൾ ആരാണെന്നും പൊലീസ് കോടതിയെ അറിയിച്ചു. നേരത്തെ പ്രതിപ്പട്ടികയിൽ നാല്, അഞ്ച് പ്രതികൾ ഉണ്ടായിരുന്നില്ല. കന്യാകുമാരി സ്വദേശി രാജീവ് ആണ് നാലാം പ്രതി. മേയറുടെ സഹോദരന്റെ ഭാര്യ ആര്യയാണ് അഞ്ചാം പ്രതി. 14 രേഖകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന യദുവിന്റെ ഹരജി 29ന് പരിഗണിക്കും.

യദുവിന്റെ ഡ്യൂട്ടി സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകളും സംഭവം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് കോടതിയിൽ ഹാജരാക്കി. കെഎസ്ആർടിസി ബസ്, മേയർ സഞ്ചരിച്ച കാർ എന്നിവയുടെ വിവരങ്ങളും ഇവയും മഹസറും സമർപ്പിച്ചിട്ടുണ്ട്. പ്രതികളുടെ മൊഴിയും രേഖപ്പെടുത്തിയെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

Similar Posts