എം.ബി രാജേഷ് ഇന്ന് സ്പീക്കർ സ്ഥാനം രാജി വച്ചേക്കും
|പാർലമെന്ററി രംഗത്ത് മികച്ച ഇടപെടല്‍ നടത്തിയിട്ടുള്ള എം.ബി രാജേഷിന്റെ വരവോടെ മന്ത്രിസഭ കൂടുതല്‍ മെച്ചപ്പെടുമെന്ന് സി.പി.എം കണക്ക് കൂട്ടുന്നുണ്ട്
തിരുവനന്തപുരം: മന്ത്രിമാര്‍ പരാജയമാണെന്ന വിമർശനം അംഗീകരിക്കുന്ന തരത്തിലേക്ക് പോകേണ്ടതില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ അഴിച്ച് പണിയിലേക്ക് സി.പി.എം കടക്കാതിരുന്നത്. പാർലമെന്ററി രംഗത്ത് മികച്ച ഇടപെടല്‍ നടത്തിയിട്ടുള്ള എം.ബി രാജേഷിന്റെ വരവോടെ മന്ത്രിസഭ കൂടുതല്‍ മെച്ചപ്പെടുമെന്ന് സി.പി.എം കണക്ക് കൂട്ടുന്നുണ്ട്. മന്ത്രിസ്ഥാനം ലഭിച്ച എം.ബി രാജേഷ് ഇന്ന് സ്പീക്കര്‍ സ്ഥാനം രാജി വച്ചേക്കും.
രണ്ടാം പിണറായി സർക്കാരിനെ മന്ത്രിമാരുടെ പ്രവർത്തനം പ്രതീക്ഷിച്ച നിലയില്‍ ഉയർന്നില്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ തന്നെ വിമർശനം ഉയർന്നതാണ്. ഇതിന് പിന്നാലെയാണ് പ്രത്യേക സാഹചര്യത്തില്‍ എം.വി ഗോവിന്ദന്റെ രാജി. അപ്പോഴും മന്ത്രിസഭ അഴിച്ച് പണിയിലേക്ക് സി.പി.എം കടക്കാതിരുന്നതിന് കാരണങ്ങളുണ്ട്. മന്ത്രിസഭയില്‍ പൊളിച്ചടുക്ക് ഉണ്ടായാല്‍ മന്ത്രിമാര്‍ മോശമാണെന്ന് വിമര്‍ശനം അംഗീകരിക്കപെടുന്ന പോലെയാകുമെന്ന് സി.പി.എം കരുതുന്നുണ്ട്. അത് പ്രതിപക്ഷത്തിന് വടി കൊടുക്കല്‍ ആയിപ്പോകും. അത് കൊണ്ട് നിലവിലെ സ്ഥിതി തുടരട്ടെയെന്നാണ് സി.പി.എം തീരുമാനിച്ചത്. വേണമെങ്കില്‍ ലോക്സഭ തെരഞ്ഞെടുപ്പിന് മന്ത്രിമാരുടെ പ്രവര്‍ത്തനം ഒന്ന് കൂടി വിലയിരുത്താമെന്നാണ് സി.പി.എം നേതൃതലത്തിലുള്ള ആലോചന. അത്യാവശ്യമെങ്കില്‍ അപ്പോള്‍ പുനഃസംഘടനയിലേക്ക് കടക്കും.
എം.പിയായും സ്പീക്കര്‍ ആയും മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ചിട്ടുള്ള എം.ബി രാജേഷിന്റെ വരവ് മന്ത്രിസഭയുടെ പ്രതിച്ഛായയെ തന്നെ മാറ്റുമെന്ന് സി.പി.എം കരുതുന്നുണ്ട്. മന്ത്രിസ്ഥാനം ലഭിച്ചതോടെ സ്പീക്കർ സ്ഥാനത്ത് നിന്ന് എംബി രാജേഷ് ഇന്ന് രാജി വച്ചേക്കും. ഡെപ്യൂട്ടി സ്പീക്കർക്ക് ചുമതല ഏല്‍പ്പിച്ചായിരിക്കും രാജി. പുതിയ സ്പീക്കര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട എ.എന്‍ ഷംസീർ ചുമതലയേല്‍ക്കാന്‍ വീണ്ടും നിയമസഭ സമ്മേളനം വിളിക്കേണ്ടതുണ്ട്. ഇനി ഓണം കഴിഞ്ഞ ശേഷമേ സഭ സമ്മേളനം വിളിക്കാന്‍ സാധ്യതയുള്ളൂ.