മന്ത്രിയായി തിളങ്ങാൻ എം.ബി രാജേഷ്; സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
|സി.പി.എം സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്ത എം.വി ഗോവിന്ദൻ രാജിവെച്ച ഒഴിവിലാണ് നിയമസഭാ സ്പീക്കറായിരുന്ന രാജേഷിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്
തിരുവനന്തപുരം:സ്പീക്കർ സ്ഥാനം രാജിവെച്ച എം.ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11 മണിക്ക് രാജ് ഭവനിലായിരുന്നു സത്യപ്രതിജ്ഞ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. എം.വി ഗോവിന്ദന് പകരം തദ്ദേശസ്വയംഭരണ-എക്സൈസ് മന്ത്രിയായാണ് രാജേഷ് ചുമതലയേൽക്കുക എന്നാണ് സൂചന.എന്നാല്‍ വകുപ്പ് മുഖ്യമന്ത്രി തീരുമാനിക്കുമെന്നും ഔദ്യോഗികമായി അറിഞ്ഞ ശേഷം പ്രതികരിക്കാം എന്നാണ് സത്യപ്രതിജ്ഞക്ക് മുമ്പ് രാജേഷ് പ്രതികരിച്ചത്.
സി.പി.എം സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്ത എംവി ഗോവിന്ദൻ രാജിവെച്ച ഒഴിവിലാണ് നിയമസഭാ സ്പീക്കറായിരുന്ന രാജേഷിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കക്ഷി നേതാക്കളും രാജേഷിന്റെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് ഓഫീസിലെത്തി എം.ബി രാജേഷ് ചുമതല ഏറ്റെടുത്തു. തൃത്താലയിൽ വാശിയേറിയ പോരാട്ടത്തിൽ വി.ടി ബൽറാമിനെ തോൽപ്പിച്ചാണ് രാജേഷ് നിയമസഭയിലേക്കെത്തിയത്.
അതേസമയം, മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റം ഉണ്ടായയേക്കുമെന്ന് സൂചന. എക്സൈസ് വകുപ്പ് മന്ത്രി വി.എൻ വാസവന് നൽകിയേക്കും.എം.ബി രാജേഷിന് തദ്ദേശവും സാംസ്കാരിക വകുപ്പാണ് നൽകിയേക്കുമെന്നും സൂചനയുണ്ട്.