Kerala
MB Rajesh reacts on CPM ad controversy
Kerala

'സുപ്രഭാതവും സിറാജും തിരഞ്ഞെടുത്തത് കുറഞ്ഞ നിരക്കിൽ പരസ്യം കൊടുക്കാവുന്നത് കൊണ്ട്'- എം.ബി രാജേഷ്

Web Desk
|
19 Nov 2024 3:26 PM GMT

"രണ്ട് പത്രത്തിന് മാത്രം പരസ്യം കൊടുത്തു എന്നത് പച്ചക്കള്ളമാണ്, നാല് പത്രങ്ങൾക്ക് പരസ്യം കൊടുത്തു"

പാലക്കാട്: പാലക്കാട്ടെ പരസ്യവിവാദത്തിൽ പ്രതികരണവുമായി സിപിഎം. രണ്ട് പത്രങ്ങളെ മാത്രം തിരഞ്ഞെടുത്ത് പരസ്യം നൽകി എന്നത് പച്ചക്കള്ളമാണെന്നും സാമ്പത്തിക നില നോക്കിയാണ് സുപ്രഭാതവും സിറാജും തിരഞ്ഞെടുത്തത് എന്നും മന്ത്രി എം.ബി രാജേഷ് പറഞ്ഞു.

"ഞങ്ങൾക്ക് ഷാഫിയോട് ഒറ്റക്കാര്യമേ പറയാനുള്ളൂ. വടകരയിൽ ചക്കയിട്ടപ്പോൾ മുയൽ ചത്തു എന്ന് കരുതി പാലക്കാടും ചക്കയിടരുത്. എന്താണിപ്പോൾ അദ്ദേഹത്തിന്റെ പരിഭ്രാന്തി? തന്റെ കുടുംബസ്വത്തിൽ നിന്ന് ആർഎസ്എസ് കാര്യാലയത്തിന് വേണ്ടി സ്ഥലം കൊടുക്കും എന്ന സന്ദീപ് വാര്യരുടെ ഒരു പ്രസ്താവന ഇന്ന് പുറത്തെത്തിയിരുന്നു. ഈ സന്ദീപ് വാര്യരെയാണ് സുധാകരനും സതീശനും ഷാഫിയും കൂടി ഖദറുടുപ്പിച്ച് ആനയിച്ചത്. ഇപ്പോൾ കോൺഗ്രസിന് മനസ്സിലായി കാക്കി കളസത്തിന് മുകളിലാണ് ഖദർ ഉടുപ്പിച്ചത് എന്ന്...

വാര്യരുടെ തറവാടാണ് ആർഎസ്എസ്. അഖിലേന്ത്യ നേതാവ് മോദി. മിത്രം ഷാഫി. കേരള നേതാക്കൾ സുധാകരനും സതീശനും... ഈ അസംബന്ധം ജനങ്ങളുടെ ശ്രദ്ധയിൽ വരാതിരിക്കാനാണ് ഞങ്ങൾക്കെതിരെ ഇപ്പോൾ ഉന്നയിച്ചിരിക്കുന്ന ആരോപണം. രണ്ട് പത്രത്തിന് മാത്രം പരസ്യം കൊടുത്തു എന്നത് പച്ചക്കള്ളമാണ്. നാല് പത്രങ്ങൾക്ക് പരസ്യം കൊടുത്തു. ഹിന്ദുവിലും മാതൃഭൂമിയിലും അടക്കം പരസ്യമുണ്ട്.

മാതൃഭൂമിയിലേതാണ് വലിയ പരസ്യം. കുറഞ്ഞ നിരക്കിൽ പരസ്യം കൊടുക്കാവുന്നത് കൊണ്ടാണ് സിറാജും സുപ്രഭാതവും തിരഞ്ഞെടുത്തത്. എന്നിട്ടാണ് രണ്ട് പത്രങ്ങളിൽ മാത്രം പരസ്യം കൊടുത്തു എന്ന് ഷാഫി പറയുന്നത്. ഷാഫി ഇപ്പോൾ ഭയങ്കര മതനിരപേക്ഷ വാദി ആയിരിക്കുകയാണ്. എസ്ഡിപിഐയുടെ വോട്ട് വേണ്ട എന്ന് ഷാഫി എന്നെങ്കിലും പറഞ്ഞിട്ടുണ്ടോ?"- മന്ത്രി വിമർശിച്ചു

Similar Posts