'സന്ദീപ് വാര്യർ വർഗീയതയുടെ കാളിയൻ, കൊണ്ടുനടക്കാൻ കോൺഗ്രസിനേ പറ്റൂ'- എം.ബി രാജേഷ്
|സന്ദീപ് വാര്യരെ സിപിഎമ്മിൽ എടുക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും വർഗീയതയുടെ കാര്യത്തിൽ പാർട്ടി വീട്ടുവീഴ്ച ചെയ്യില്ലെന്നും എം.ബി രാജേഷ് പറഞ്ഞു
പാലക്കാട്: വർഗീയതയുടെ കാളിയനാണ് സന്ദീപ് വാര്യരെന്നും അദ്ദേഹത്തെ കൊണ്ടുനടക്കാൻ കോൺഗ്രസിന് മാത്രമേ സാധിക്കൂവെന്നും മന്ത്രി എം.ബി രാജേഷ്. സന്ദീപ് വാര്യരെ സിപിഎമ്മിൽ എടുക്കുന്ന കാര്യം ആലോചിച്ചിട്ടില്ല. വർഗീയതയുടെ കാര്യത്തിൽ പാർട്ടി വീട്ടുവീഴ്ച ചെയ്യില്ലെന്നും എം.ബി രാജേഷ് പറഞ്ഞു.
'വർഗീയതയുടെ ഒരു കാളിയനെ കഴുത്തിലണിഞ്ഞ് ഒരലങ്കാരമായി കൊണ്ടുനടക്കാൻ കോണ്‍ഗ്രസിന് മാത്രമേ പറ്റൂ. നൂറുകണക്കിന് വിദ്വേഷ പ്രസ്താവനകൾ നടത്തിയ ഒരാളെ കോണ്‍ഗ്രസ് തലയിൽ ചുമന്ന് നടക്കട്ടെ. ഞങ്ങൾക്ക് യാതൊരു തരത്തിലുള്ള പരിഭവവുമില്ല. അത്തരമൊരാളെ സിപിഎമ്മിലേക്ക് എടുക്കുന്നത് ചിന്തിക്കാൻ പോലും കഴിയുന്ന കാര്യമല്ല. വർഗീയതയുടെ കാര്യത്തിൽ പാർട്ടി ഒരിഞ്ച് പോലും വീട്ടുവീഴ്ച ചെയ്യില്ല'- എം.ബി രാജേഷ് പറഞ്ഞു.
എ.കെ ബാലൻ ഒരു നല്ല മനുഷ്യനാണ്. ആരെക്കുറിച്ചെങ്കിലും അദ്ദേഹം മോശം വാക്കുകൾ പറഞ്ഞ് കേട്ടിട്ടുണ്ടോ. സന്ദീപ് വളരെ വൈകാരികമായി കാര്യങ്ങൾ പറഞ്ഞപ്പോൾ ബാലേട്ടൻ ഒരു ആശ്വാസവാക്ക് പറഞ്ഞെന്നേയുള്ളൂ. സന്ദീപ് വാര്യർ വർഗീയ നിലപാട് തള്ളിപ്പറയാതെ മറ്റൊന്നും നടക്കില്ലെന്നാണ് ഞാൻ പറഞ്ഞതെന്നും എം.ബി രാജേഷ് കൂട്ടിച്ചേർത്തു.