എം.ബി.ബി.എസ് പരീക്ഷകള്‍ മാറ്റിവെക്കില്ല: ഹൈക്കോടതി
|പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് അഞ്ഞൂറോളം വിദ്യാർഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്
സംസ്ഥാനത്തെ എം.ബി.ബി.എസ് പരീക്ഷകള്‍ മാറ്റിവെക്കില്ലെന്ന് ഹൈക്കോടതി. ജസ്റ്റിസ് രാജ വിജയരാഘവനാണ് ഇതുമായി ബന്ധപ്പെട്ട് നിര്‍ദേശം നൽകിയത്. എം.ബി.ബി.എസ് ആവസാന വർഷ പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് അഞ്ഞൂറോളം വിദ്യാർഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്.
എന്നാൽ കുട്ടികൾക്ക് പ്രായോഗിക പരിശീലനം നൽകുന്ന കാര്യത്തിൽ ഒരു മാസത്തിനകം തീരുമാനം അറിയിക്കണമെന്ന് ആരോഗ്യ സർവകലാശാലയോട് കോടതി നിർദേശിച്ചു. വ്യാഴാഴ്ച നടന്ന ആദ്യ പരീക്ഷയിൽ പങ്കെടുത്ത വിദ്യാർഥികളുടെ എണ്ണം കണക്കാക്കി ടൈം ടേബിൾ മാറ്റം വരുത്തി തീരുമനമെടുക്കണമെന്നായിരുന്നു സർവകലാശാലയോട് നേരത്തെ അറിയിച്ചിരുന്നത്. വ്യാഴാഴ്ച നടന്ന പരീക്ഷയിൽ 74% വിദ്യാർഥികളും പരീക്ഷ എഴുതിയിട്ടില്ലെന്ന് ഹർജിക്കാർ അറിയിച്ചു. പരീക്ഷ മാറ്റിവെക്കുന്നതിനു ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ച സർവകലാശാല, പ്രായോഗിക പരിശീലനം നൽകുന്നതിൽ ബോർഡ് ഒഫ് എക്‌സാമിനേഷനാണ് തീരുമാനമെടുക്കേണ്ടതെന്ന് കോടതിയെ അറിയിച്ചു.
അഞ്ചാം തിയ്യതിയാണ് ഇനി അടുത്ത പരീക്ഷ നടക്കാനുള്ളത്. 31 ലെ പരീക്ഷയുടെ ഹാജർ പരിഗണിച്ച് പരീക്ഷ പുനഃക്രമീകരിക്കാമെന്നാണ് സർവകലാശാല ഹൈക്കോടതിയെ അറിയിച്ചിരുന്നത്. മതിയായ ക്ലാസ് ലഭിച്ചിട്ടില്ലെന്ന വിദ്യാർഥികളുടെ പരാതി സർവകലാശാല തള്ളിയിരുന്നു.
ഒരു മാസത്തിനകം പ്രത്യേക പരീക്ഷ നടത്തണമെന്നായിരുന്നു എസ്എഫ്‌ഐ തിരുവനന്തപുരം മെഡിക്കൽ കോളജ് യൂനിറ്റിന്‍റെ ആവശ്യം. വിദ്യാർഥികളുമായ ചർച്ച നടത്തി അനുഭാവപൂർണമായ തീരുമാനമെടുക്കണമെന്ന് ഡീൻ കുര്യാക്കോസ് എംപിയും നിർദേശിച്ചിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് എംപി ആരോഗ്യസർവകലാശാല വിസിക്ക് കത്തയക്കുകയും ചെയ്തിരുന്നു.