കൊറിയർ വഴി കേരളത്തിലേക്ക് എംഡിഎംഎ: പിന്നിൽ നൈജീരിയന്‍ സ്വദേശികളെന്ന് സൂചന
|ആലുവയിലും അങ്കമാലിയിലും പിടിയിലായവരെ ചോദ്യംചെയ്തപ്പോഴാണ് ലഹരിക്കടത്തിന് പിന്നിലെ നൈജീരിയൻ ബന്ധം പുറത്തുവന്നത്.
കൊറിയർ വഴി എംഡിഎംഎ കേരളത്തിലേക്ക് അയക്കുന്ന സംഘത്തിന് പിന്നിൽ നൈജീരിയന്‍ സ്വദേശികളെന്ന് സൂചന. ആലുവയിലും അങ്കമാലിയിലും പിടിയിലായവരെ ചോദ്യംചെയ്തപ്പോഴാണ് ലഹരിക്കടത്തിന് പിന്നിലെ നൈജീരിയൻ ബന്ധം പുറത്തുവന്നത്. കേസിൽ അറസ്റ്റിലായ ചെങ്ങമനാട് സ്വദേശി അജ്മലിനെ മുംബൈയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.
ഒരു മാസം മുമ്പാണ് ആലുവയിലെയും അങ്കമാലിയിലെയും വിലാസത്തിൽ കൊറിയർ മുഖേന എംഡിഎംഎ കടത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആലുവ പൊലീസാണ് 200 ഗ്രാം വീതമുളള എംഡിഎംഎ പാക്കറ്റുകൾ പിടികൂടിയത്. ഇലക്ട്രോണിക് ഉപകരണത്തിനുള്ളിൽ ഒളിപ്പിച്ചാണ് എംഡിഎംഎ കടത്താൻ ശ്രമിച്ചത്.
കേസുമായി ബന്ധപ്പെട്ട് മൂന്ന് പേർ പിടിയിലായിരുന്നു. ഇതിൽ ചെങ്ങമനാട് സ്വദേശിയായ അജ്മൽ എന്നയാളുമായി മുംബൈയിൽ നടത്തിയ തെളിവെടുപ്പിലാണ് ലഹരിക്കടത്തിന്റെ ഉറവിടത്തെ കുറിച്ച് സൂചന ലഭിച്ചത്. മുംബൈയിലെ കൊറിയർ ഓഫീസിലും ഇവർ താമസിച്ച സ്ഥലങ്ങളിലും പൊലീസ് പരിശോധന നടത്തി. കേരളത്തിലേക്ക് കൊറിയർ മുഖേന വ്യാപകമായി എംഡിഎംഎ കടത്തുന്നുണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം.