Kerala
വിമർശങ്ങളിൽ ഞാനെന്റെ ഭാഷയും ഷാജി ഷാജിയുടെ ഭാഷയും ഉപയോഗിക്കുന്നു, മറ്റു വ്യാഖ്യാനങ്ങൾ വേണ്ടെന്ന് കുഞ്ഞാലിക്കുട്ടി
Kerala

വിമർശങ്ങളിൽ ഞാനെന്റെ ഭാഷയും ഷാജി ഷാജിയുടെ ഭാഷയും ഉപയോഗിക്കുന്നു, മറ്റു വ്യാഖ്യാനങ്ങൾ വേണ്ടെന്ന് കുഞ്ഞാലിക്കുട്ടി

abs
|
14 April 2021 6:34 AM GMT

പാർട്ടി ഷാജിയുടെ കൂടെയുണ്ടോ എന്ന ചോദ്യത്തിന് അത് ആർക്കാണിപ്പോൾ സംശയം എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുചോദ്യം

കോഴിക്കോട്: കണ്ണൂരിൽ കെ.എം ഷാജി നടത്തുന്ന പോരാട്ടങ്ങൾ പാർട്ടിയുടെ പിന്തുണയോടെയാണെന്ന് മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. 'വിമർശങ്ങളിൽ ഞാനെന്റെ ഭാഷയും ഷാജി ഷാജിയുടെ ഭാഷയുമാണ് ഉപയോഗിക്കുന്നത്' എന്നും ഇതിൽ മറ്റു വ്യാഖ്യാനങ്ങൾ കാണേണ്ടതില്ല എന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി ഷാജിയുടെ കൂടെയുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അത് ആർക്കാണിപ്പോൾ സംശയം എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുചോദ്യം. 'കെഎം ഷാജി ഇപ്പോ നടത്തുന്ന പോരാട്ടം പാർട്ടി പിന്തുണച്ചിട്ട് തന്നെയല്ലേ. തെരഞ്ഞെടുപ്പിൽ ധീരമായി മത്സരിക്കുകയാണ്. മത്സരിച്ചു ജയിക്കും. അതുപോലെ പല വിഷയങ്ങളിലും കണ്ണൂർ ജില്ലയിലെ വിഷയങ്ങളിൽ ഷാജി എടുത്തു വരുന്നുണ്ട്. അത് പാർട്ടിക്കും അറിവുള്ള കാര്യമാണ്. പാർട്ടി എല്ലാ കാര്യങ്ങളും ഒരേ പോലെ കണ്ടാണ് മോണിറ്റർ ചെയ്യുന്നത്. അതിലൊന്നും ഒരു വ്യത്യാസമില്ല' - കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

ഷാജിയുടെ വീട്ടിൽ നടന്ന റെയ്ഡ് രാഷ്ട്രീയ പകപോക്കലാണ് എന്നും അദ്ദേഹം ആരോപിച്ചു. 'തെരഞ്ഞെടുപ്പ് കഴിഞ്ഞ് പിറ്റേ ദിവസം ഇങ്ങനെ ഒരു പരിശോധന രാഷ്ട്രീയം തന്നെയാണ്. ആ കാര്യത്തിൽ യാതൊരു സംശയവുമില്ല. സ്ഥാനാർത്ഥികൾക്കൊക്കെ ഒന്ന് നേരെ ചൊവ്വേ ശ്വാസം വിടാനുള്ള സമയം കിട്ടേണ്ടേ. അതിനു മുമ്പേ വീട്ടിൽ റെയ്ഡ് എന്നു പറയുന്ന് കണ്ണൂരിലുണ്ടായ സംഭവ വികാസങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ്. അനവസരത്തിൽ ഉണ്ടായ റെയ്ഡാണിത്. ഇത് രാഷ്ട്രീയപക പോക്കൽ തന്നെയാണ്' - അദ്ദേഹം വ്യക്തമാക്കി.

'വീട്ടിൽ നിന്ന് പണം പിടിച്ചു എന്നാണ് പറയുന്നത്. എല്ലാ സ്ഥാനാർത്ഥികളും ചെറിയ ചെറിയ സംഭാവനകൾ സ്വീകരിച്ചാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ചെലവ് കണ്ടെത്തുന്നത്. എല്ലാവരും അങ്ങനെ തന്നെയാണ്. തെരഞ്ഞെടുപ്പ് കമ്മിഷൻ തന്നെ അനുവദിച്ച ഒരു സംഖ്യയുണ്ട്. പരമ്പരാഗതമായി ഞങ്ങൾ സ്വീകരിച്ചു പോരുന്നത്, പാർട്ടി പരമാവധി സഹായിക്കും. ഓരോ സ്ഥാനാർത്ഥികളോടും പ്രത്യേകം അക്കൗണ്ട് ഉണ്ടാക്കാൻ പറയും. അതിലേക്കാണ് പാർട്ടി നിശ്ചിത സംഖ്യ കൊടുക്കുന്നത്. സമയമാകുമ്പോൾ പാർട്ടിയും സ്ഥാനാർത്ഥിയും റിട്ടേൺ കൊടുക്കും. അതിന്റെ സമയമായിട്ടില്ല' - കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Similar Posts