Kerala
നടപടി ഭരണഘടനാ ലംഘനം, വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ടത് പിൻവലിക്കണം;മുഖ്യമന്ത്രിയുടെ യോഗത്തിൽ ആവശ്യമുന്നയിക്കുമെന്ന് മെക്ക
Kerala

'നടപടി ഭരണഘടനാ ലംഘനം, വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ടത് പിൻവലിക്കണം';മുഖ്യമന്ത്രിയുടെ യോഗത്തിൽ ആവശ്യമുന്നയിക്കുമെന്ന് 'മെക്ക'

Web Desk
|
20 April 2022 6:46 AM GMT

സംസ്ഥാന വഖഫ് ബാർഡിൽ ആകെയുള്ള 200 ജീവനക്കാരിൽ നേരിട്ട് നിയമിക്കപ്പെടുന്നവർ നാമമാത്രമാണെന്നും ഇപ്പോൾ മൂന്നു പേരുടെ ഒഴിവ് മാത്രമാണ് ബോർഡിലുള്ളതെന്നും 'മെക്ക'

ഭരണഘടനയുടെ 26ാം അനുഛേദത്തിന്റെ ലംഘനവും മറ്റൊരു മതസ്ഥാപനത്തിന്റെയും മേലില്ലാത്ത നിയമവുമായതിനാൽ സംസ്ഥാന വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ടത് സർക്കാർ പിൻവലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർക്കുന്ന മുസ്‌ലിം സംഘടനകളുടെ യോഗത്തിൽ ആവശ്യപ്പെടുമെന്ന് 'മെക്ക' ജനറൽ സെക്രട്ടറി എൻ.കെ അലി. ബോർഡിലെ ജീവനക്കാർക്ക് ശമ്പളം നൽകുന്നത് സർക്കാറിന്റെ പൊതുഖജനാവിൽനിന്നല്ലെന്നും വിശ്വാസികളിൽനിന്നും മതസ്ഥാപനങ്ങളിൽനിന്നും സ്വരൂപിക്കുന്ന തനത് ഫണ്ടാണ് ഇതിന് ഉപയോഗിക്കുന്നതെന്നും അദ്ദേഹം വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടി.

സംസ്ഥാന വഖഫ് ബാർഡിൽ ആകെയുള്ള 200 ജീവനക്കാരിൽ നേരിട്ട് നിയമിക്കപ്പെടുന്നവർ നാമമാത്രമാണെന്നും ഇപ്പോൾ മൂന്നു പേരുടെ ഒഴിവ് മാത്രമാണ് ബോർഡിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഒഴിവുകൾ ഉണ്ടാകുന്നത് റിട്ടയർമെൻറ്, മരണം എന്നിവ മൂലമാണെന്നും ഇവ പി.എസ്.സിക്ക് വിടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും പ്രസ്താവനയിൽ പറഞ്ഞു. പ്രത്യേക റിക്രൂട്ട്‌മെൻറ് ബോർഡുണ്ടാക്കുന്നത് സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നും വിവാദങ്ങൾക്ക് ഇടവരുത്തുമെന്നും പറഞ്ഞു.

പാലൊളി കമ്മിറ്റി ശിപാർശ പ്രകാരമുള്ള ചട്ടങ്ങൾ ഉണ്ടാക്കാൻ കേന്ദ്ര വഖഫ് ബോർഡിനോട് ആവശ്യപ്പെടുകയും സ്വത്ത് സംരക്ഷിക്കുകയുമാണ് സംസ്ഥാന സർക്കാർ ചെയേണ്ടതെന്നും നിർദേശിച്ചു. ഇടതുമുന്നണിയുടെ 2016 ലെയും 2021ലെയും പ്രകടനപത്രിക പ്രകാരം പലൊളി കമ്മിറ്റി ശിപാർശകൾ പൂർണമായി നടപ്പാക്കണമെന്നും വിദ്യാഭ്യാസ - തൊഴിൽ മേഖലകളിലെ മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കണമെന്നും മുസ്‌ലിം വിദ്യാർഥി സ്‌കോളർഷിപ്പ് നൂറുശതമാനവും നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.




'Mecca' demands withdrawal of Waqf board appointment through PSC


Similar Posts