സ്ഥിരമായി വ്യാജ ഡീസൽ ഉപയോഗിച്ചാൽ ബസ് കട്ടപ്പുറത്താകും; മുന്നറിയിപ്പുമായി മെക്കാനിക്കുമാര്‍
|ഇന്ധന വില വർധനവ് കൊണ്ട് പൊറുതിയ മുട്ടിയ പലരും മറ്റ് നിവർത്തി ഇല്ലാത്തത് കൊണ്ടാണ് നിയമപരമല്ലാത്ത മാർഗങ്ങൾ തേടുന്നതെന്ന് ബസ് ഉടമകള്‍
വ്യാജ ഡീസൽ ഉപയോഗിക്കുന്നത് ബസുകളുടെ യന്ത്ര ഭാഗങ്ങൾക്ക് വേഗത്തിൽ കേടുപാട് സംഭവിക്കാന്‍ കാരണമാകുമെന്ന് മെക്കാനിക്കുമാർ. വ്യാജ ഡീസൽ ഉപയോഗിക്കുന്ന ബസുകൾളുടെ പമ്പും നോസിലും വേഗത്തിൽ നാശമാകുമെന്നാണ് മെക്കാനിക്കുമാര്‍ പങ്കുവെക്കുന്ന ആശങ്ക.
എന്നാല്‍, വ്യാജ ഡീസൽ ഉപയോഗിക്കുന്നത് ബസുകൾക്ക് ദോഷമാണെങ്കിലും ഇന്ധന വില വർധനവ് കൊണ്ട് പൊറുതിയ മുട്ടിയ പലരും മറ്റ് നിവർത്തിയില്ലാത്തത് കൊണ്ടാണ് നിയമപരമല്ലാത്ത മാർഗങ്ങൾ തേടുന്നതെന്നാണ് ബസ് ഉടമകളുടെ വാദം. ബസുകൾ പിന്നീട് പണി മുടക്കിയാലും എങ്ങനെയെങ്കിലും ചിലവ് കുറച്ച് ബസ് സർവീസ് നടത്താനുള്ള അവസരമായാണ് പലരും വ്യാജ ഡീസലിനെ കാണുന്നതെന്നാണ് സൂചന.
അതേസമയം, സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂട്ടി. ഡീസലിന് 38 പൈസയും പെട്രോളിന് 30 പൈസയും വർധിച്ചു. കോഴിക്കോട് ഇന്ന് പെട്രോളിന് 105 രൂപ 22 പൈസയും ഡീസലിന് 98 രൂപ 53 പൈസയുമാണ് വില. തിരുവനന്തപുരത്ത് ഡീസലിന് 100 രൂപ 21 പൈസ പെട്രോളിന് 106 രൂപ 69 പൈസയുമായി.