മീഡിയവൺ ലിറ്റിൽ സ്കോളര്‍ രണ്ടാം ഘട്ട പരീക്ഷ പൂർത്തിയായി
|വിവിധ കേന്ദ്രങ്ങളിലെ ഉദ്ഘാടന ചടങ്ങിൽ സാമൂഹിക ,രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു
കോഴിക്കോട്: മലയാളി വിദ്യാർഥികളുടെ അന്താരാഷ്ട്ര വിജ്ഞാനോത്സവമായ മീഡിയവൺ ലിറ്റിൽ സ്കോളര്‍ രണ്ടാം ഘട്ട പരീക്ഷ പൂർത്തിയായി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ചെന്നൈയിലുമായി പതിനഞ്ചു കേന്ദ്രങ്ങളിൽ നേരിട്ടും ഗൾഫ് രാജ്യങ്ങളുൾപ്പെടെ പതിനൊന്നു കേന്ദ്രങ്ങളിൽ ഓൺലൈനായും മൂവായിരത്തോളം വിദ്യാർഥികൾ പങ്കെടുത്തു. വിവിധ കേന്ദ്രങ്ങളിലെ ഉദ്ഘാടന ചടങ്ങിൽ സാമൂഹിക ,രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
മലർവാടി, ടീൻ ഇന്ത്യ എന്നീ കൂട്ടായ്മകളുമായി സഹകരിച്ചു മീഡിയ വൺ സംഘടിപ്പിക്കുന്ന മീഡിയ വൺ ലിറ്റിൽ സ്ക്കോളർ പരീക്ഷയുടെ രണ്ടാം ഘട്ടത്തെ ആവേശത്തോടെയാണ് വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും വരവേറ്റത്. ഒന്നാം ഘട്ടത്തിൽ പങ്കെടുത്ത അര ലക്ഷം വിദ്യാർഥികളിൽ നിന്നും തെരഞ്ഞെടുത്ത മൂവായിരത്തോളം വിദ്യാർഥികളാണ് രണ്ടാം ഘട്ട മത്സരത്തിനെത്തിയത്. വിവിധ കേന്ദ്രങ്ങളിലെ ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാരും മറ്റു രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. പാലക്കാട് മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് മന്ത്രി എ.കെ ശശീന്ദ്രനാണ് ഉദ്ഘാടനം നിർവഹിച്ചത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ എം.വിൻസെന്‍റ് എം എൽ എ, ചലച്ചിത്ര താരം പ്രേം കുമാർ തുടങ്ങിയവർ പങ്കെടുത്തു. എം.പിമാരായ ഹൈബി ഈഡൻ, എ.എം.ആരിഫ്, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ , കെ.യു.ജനീഷ് കുമാർ, കെ.പി മോഹനൻ , ഐ.സി.ബാലകൃഷ്ണൻ, പി.സി വിഷ്ണുനാഥ്, കോഴിക്കോട് മേയർ ബീനാ ഫിലിപ്, മീഡിയവൺ മാനേജിങ് ഡയറക്ടർ ഡോ യാസീൻ അഷ്‌റഫ്, സി.ഇ.ഒ റോഷൻ കക്കാട്ട് തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുത്തു.
മൂന്നാംഘട്ടം മത്സരം ഓൺലൈനായാണ് നടക്കുക. സീനിയർ വിഭാഗത്തിലെ വിജയികൾ ഗ്രാൻഡ് ഫിനാലെയിലേക്ക് തിരഞ്ഞെടുക്കും. ഗ്രാൻഡ് ഫിനാലെ മീഡിയ വൺ സംപ്രേഷണം ചെയ്യും. 40 ലക്ഷം വരെയുള്ള സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. എയ്ഗൻ ലേണേഴ്സ് ആണ് ടൈറ്റിൽ സ്പോൺസർ.