Kerala
മീഡിയവണ്‍ വിലക്ക്; വേനലവധിക്ക് ശേഷം അന്തിമവാദം കേള്‍ക്കുമെന്ന് സുപ്രിംകോടതി
Kerala

മീഡിയവണ്‍ വിലക്ക്; വേനലവധിക്ക് ശേഷം അന്തിമവാദം കേള്‍ക്കുമെന്ന് സുപ്രിംകോടതി

Web Desk
|
4 May 2022 8:24 AM GMT

മറുപടി സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്രത്തിന് ഇനിയും സമയം നീട്ടി നല്‍കില്ലെന്നും കോടതി അറിയിച്ചു

ഡല്‍ഹി: മീഡിയവണ്‍ സംപ്രേഷണ വിലക്ക് ചോദ്യംചെയ്തുള്ള ഹരജികളില്‍ വേനലവധിക്ക് ശേഷം അന്തിമവാദം കേള്‍ക്കുമെന്ന് സുപ്രിംകോടതി. മറുപടി സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്രസർക്കാരിന് നാല് ആഴ്ച കൂടി കോടതി സമയം അനുവദിച്ചു. മുദ്രവെച്ച കവറില്‍ വിവരങ്ങള്‍ കൈമാറുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

സംപ്രേഷണ വിലക്ക് ചോദ്യംചെയ്ത് മീഡിയവണ്‍ മാനേജ്മെന്‍റും എഡിറ്റർ പ്രമോദ് രാമനും പത്രപ്രവർത്തക യൂണിയനും നൽകിയ ഹരജിയാണ് സുപ്രിംകോടതി പരിഗണിച്ചത്. മുദ്രവെച്ച കവറുകളിൽ വിവരങ്ങൾ കൈമാറുന്ന വിഷയത്തിൽ സുപ്രിംകോടതി തീരുമാനമെടുക്കണമെന്ന് മീഡിയവണിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ വാദിച്ചു. ഗുജറാത്ത് എം.എൽ.എ ജിഗ്നേഷ് മേവാനിയുടെ കേസിൽ മുദ്ര വെച്ച കവറിൽ വിവരങ്ങൾ കൈമാറിയതുൾപ്പെടെ ദവെ കോടതിയെ ധരിപ്പിച്ചു.

മുദ്രവെച്ച കവറിൽ റിപ്പോർട്ട് കൈമാറുന്നത് പരിശോധിക്കാമെന്ന് പറഞ്ഞ കോടതി, ഹരജിയിൽ മറുപടി നൽകാൻ കേന്ദ്രത്തിന് നാലാഴ്ച സമയം നൽകി. ഇനി സമയം നീട്ടിനൽകില്ലെന്നും കേസിൽ അന്തിമ വാദം കേൾക്കുമെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. സമയം നീട്ടി നൽകരുതെന്ന മീഡിയവണിന്റെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. നേരത്തെ രണ്ടു തവണ കോടതി സമയം നൽകിയെങ്കിലും കേന്ദ്രം മറുപടി സമർപ്പിച്ചിരുന്നില്ല. വേനലവധിക്ക് ശേഷം ആഗസ്ത് ആറിന് കോടതി കേസിൽ അന്തിമ വാദം കേൾക്കും.

Similar Posts