സംരംഭകർക്ക് വഴികാട്ടിയായി മീഡിയവൺ ബിസിനസ് ഇന്നവേഷൻ ലാബ്
|കോവിഡിനാന്തര ബിസിനസ് ലോകത്തെ വെല്ലുവിളികൾ അഭിമുഖീകരിക്കാൻ ചെറുകിട - ഇടത്തരം സംരംഭങ്ങളെ പ്രാപ്തരാക്കുക എന്നതാണ് മൊബിലിന്റെ ലക്ഷ്യം. കൺസട്ടൾട്ടിംഗ് സേവനങ്ങളിലൂടെ സംരംഭങ്ങളുടെ വളർച്ചക്ക് ആവശ്യമായ സഹായം നൽകും
കോഴിക്കോട്: നിക്ഷേപ രംഗത്തെ വെല്ലുവിളികൾ നേരിടാൻ സംരംഭകർക്ക് വഴികാട്ടിയായി മീഡിയവൺ ബിസിനസ് ഇന്നോവേഷൻ ലാബ് ( MOBIL ). മാധ്യമം ബ്രോഡ്കാസ്റ്റ് ലിമിറ്റഡിന്റെ പുതിയ സംരംഭമായ MOBIL ഇന്നലെ പ്രവർത്തനം ആരംഭിച്ചു. മീഡിയാ വൺ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കോഴിക്കോട് എൻ.ഐ.ടി ഡയറക്ടർ ഇൻചാർജ്ജ് ഡോ. പി.എസ് സതീദേവി മൊബിലിന്റെ ലോഞ്ചിംഗ് നിർവഹിച്ചു.
കോവിഡിനാന്തര ബിസിനസ് ലോകത്തെ വെല്ലുവിളികൾ അഭിമുഖീകരിക്കാൻ ചെറുകിട - ഇടത്തരം സംരംഭങ്ങളെ പ്രാപ്തരാക്കുക എന്നതാണ് മൊബിലിന്റെ ലക്ഷ്യം. കൺസട്ടൾട്ടിംഗ് സേവനങ്ങളിലൂടെ സംരംഭങ്ങളുടെ വളർച്ചക്ക് ആവശ്യമായ സഹായം നൽകും. മൊബിലിന്റെ കീഴിൽ ബിസിനസ് ഇൻകുബേഷൻ സെന്റർ, ബിസിനസ് ഇന്നവേഷൻ ലാബ് തുടങ്ങിയവ ആരംഭിക്കാനും പദ്ധതിയുണ്ട്.
പുതുസംരംഭകരെ ചേർത്തു പിടിക്കുന്ന മൊബിലിന്റെ പ്രവർത്തനങ്ങൾക്ക് കോഴിക്കോട് എൻ.ഐ.ടിയുടെ പൂർണ പിന്തുണ ഉണ്ടാകുമെന്ന് ലോഞ്ചിങ് നിർവഹിച്ച എൻ.ഐ.ടി ഡയറക്ടർ ഇൻചാർജ്ജ് ഡോ പി എസ് സതീദേവി പറഞ്ഞു. ബിസിനസ് സംരഭങ്ങളുടെ വളർച്ചക്ക് നൂതനമായ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തണമെന്നും അവർ പറഞ്ഞു.
മീഡിയാവൺ വൈസ് ചെയർമാൻ പി മുജീബ്റഹ്മാൻ, വ്യവസായ വകുപ്പ് മുൻ അഡീഷണൽ ഡയറക്ടർ എം. അബ്ദുൽ മജീദ്, വ്യവസായ പ്രമുഖനും മലബാർ ചേംബർ ഓഫ് കൊമേഴ്സ് ഹോണററി സെക്രട്ടറിയുമായ എം.എ മെഹബൂബ് തുടങ്ങിയവർ സംസാരിച്ചു. മീഡിയാവൺ സി.ഇ.ഒ റോഷൻ കക്കാട്ട് സ്വാഗതവും സി.ഒ.ഒ ഇർഷാദുൽ ഇസ്ലാം നന്ദിയും പറഞ്ഞു.