Kerala
മീഡിയവണിന് ഇന്ന് പത്താം പിറന്നാൾ; ആഘോഷം ഭരണകൂടവേട്ടക്കെതിരായ പോരാട്ടങ്ങൾക്കിടെ
Kerala

മീഡിയവണിന് ഇന്ന് പത്താം പിറന്നാൾ; ആഘോഷം ഭരണകൂടവേട്ടക്കെതിരായ പോരാട്ടങ്ങൾക്കിടെ

Web Desk
|
10 Feb 2023 1:05 AM GMT

സ്നേഹിച്ചും വിമര്‍ശിച്ചും തിരുത്തിയും ഒപ്പം സഞ്ചരിക്കുന്ന ലോകമെങ്ങുമുള്ള പ്രേക്ഷകര്‍ക്ക് ഒപ്പം ഈ സന്തോഷം ഞങ്ങള്‍ പങ്കുവയ്ക്കുന്നു

കോഴിക്കോട്: മീഡിയവണിന് ഇന്ന് പത്താം പിറന്നാള്‍. മലയാള ടെലിവിഷന്‍ രംഗത്ത് പുതിയ ചരിതം എഴുതാന്‍ പിറവിയെടുത്ത വാര്‍ത്താസംഘം ആ ലക്ഷ്യപ്രാപ്തിയുടെ നിറവിലാണ് ഈ പിറന്നാള്‍ ആഘോഷിക്കുന്നത്. സ്നേഹിച്ചും വിമര്‍ശിച്ചും തിരുത്തിയും ഒപ്പം സഞ്ചരിക്കുന്ന ലോകമെങ്ങുമുള്ള പ്രേക്ഷകര്‍ക്ക് ഒപ്പം ഈ സന്തോഷം ഞങ്ങള്‍ പങ്കുവയ്ക്കുന്നു.

പത്ത് വര്‍ഷം മുന്‍പ്, പുതിയ സ്വപന്ങ്ങളും പ്രതിജ്ഞകളുമായാണ് മീഡിയവണ്‍ പിറവിയെടുത്തത്. ഒരു ദശാബ്ദത്തെ സഞ്ചാരം പൂര്‍ത്തിയാക്കുമ്പോള്‍ മലയാളിക്ക് മുന്നില്‍വെച്ച ആ വാഗ്ദാനങ്ങളെല്ലാം നിറവേറ്റിയെന്ന സാര്‍ഥകത ഞങ്ങള്‍ക്കുണ്ട്. അരികുവത്കരിക്കപ്പെട്ട മനുഷ്യരുടെ ദുര്‍ബലശബ്ദത്തെ കൂടുതല്‍ ഉറക്കെ കേള്‍പ്പിക്കാനും അവരുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തിന് കരുത്ത് പകരാനും ഈ വാര്‍ത്താ സംഘത്തിന് കഴിഞ്ഞു. വാര്‍ത്താ ക്യാമറകള്‍ ഇനിയും തേടിച്ചെന്നിട്ടില്ലാത്ത ജീവിതങ്ങളിലേക്കാണ് മീഡിയവണ്‍ പ്രേക്ഷകന്‍റെ ശ്രദ്ധയെത്തിച്ചത്. സമൂഹത്തിന്റെ വക്കുകളില്‍ ഒറ്റപ്പെട്ടുപോയ മനുഷ്യര്‍ക്ക് പുതിയൊരു ജീവിതം സാധ്യമാക്കാനും അവരുടെ പ്രതീക്ഷകള്‍ക്ക് വെളിച്ചം പകരാനുമുള്ള പ്രയത്നം ഞങ്ങള്‍ തുടരുകയാണ്.

വാര്‍ത്താന്വേഷണത്തിലും അവതരണത്തിലും പുതിയൊരു ഭാവുകത്വം കൊണ്ടുവരാനായതും മൂല്യവും വിശ്വാസ്യതയുമുള്ള വാര്‍ത്താ സ്രോതസെന്ന പ്രേക്ഷകാംഗീകാരം നേടിയെടുക്കാനായതും പത്താണ്ട് പിന്നിടുമ്പോഴുള്ള ഞങ്ങളുടെ ഏറ്റവും വലിയ അഭിമാനമാണ്. ദേശീയ വാര്‍ത്തകളില്‍ പുതിയ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാന്‍, പ്രവാസത്തിന്‍റെ പ്രതീക്ഷയും പ്രാതിനിധ്യവുമാകാന്‍, അന്തര്‍ദേശീയ വാര്‍ത്താ റിപ്പോര്‍ട്ടിംഗില്‍ പകരം വെക്കാനില്ലാത്ത സാന്നിധ്യമാകാന്‍ ഞങ്ങളെ സഹായിച്ചത് മൂല്യങ്ങളെ മുറുകെപ്പിടിച്ചുള്ള സഞ്ചാരമാണ്.

നിരന്തരം ഭരണകൂടവേട്ടകള്‍ക്കിരയാകുമ്പോഴും വിട്ടുവീഴ്ചയില്ലാതെ, സത്യത്തോടും നീതിയോടും മാത്രമുള്ള പ്രതിബദ്ധതയുമായി, അചഞ്ചലമായ സഞ്ചാരം തുടരുകയാണ് മീഡിയവണ്‍. കാമ്പുള്ള കാഴ്ചകള്‍ക്കായി, നീതീബോധമുള്ള റിപ്പോര്‍ട്ടിംഗിനായി ഇപ്പോഴും കാത്തിരിക്കുന്ന പ്രേക്ഷകലക്ഷങ്ങളാണ് അതിന് ഞങ്ങളുടെ കരുത്ത്.



Similar Posts