മീഡിയവൺ അഭിമുഖീകരിക്കുന്നത് സ്വാതന്ത്ര്യസമര കാലത്തെ 'അൽഅമീൻ' പത്രത്തിന്റെ അനുഭവം: ടി. സിദ്ദിഖ് എം.എൽ.എ
|''ഇന്ത്യൻ ജനാധിപത്യം ഇരുട്ടിലാവുന്നതിന്റെ സൂചനയാണിത്. സത്യം വിളിച്ചുപറഞ്ഞതിന്റെ പേരിൽ, രാജാവിന് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ വിളിച്ചുപറഞ്ഞതിന്റെ പേരിൽ വന്ന ഈ വിലക്ക് ചരിത്രത്തിലെ നാഴികക്കല്ലായിത്തീരും.''
സ്വാതന്ത്ര്യസമര കാലത്തെ അൽഅമീൻ പത്രം പോലെ മീഡിയവൺ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടുമെന്ന് ടി. സിദ്ദിഖ് എം.എൽ.എ. മീഡിയവൺ സംപ്രേഷണവിലക്കിനെതിരായ ഹരജി തള്ളിയ ഹൈക്കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു സിദ്ദിഖ്.
മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ അൽഅമീൻ പത്രം സർക്കാറിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ പോരാടിയതിന്റെ പേരിൽ 1940ൽ രാജ്യസുരക്ഷാ നിയമപ്രകാരം അബ്ദുറഹമാൻ സാഹിബ് അറസ്റ്റിലായി. സമാനസാഹചര്യത്തിലൂടെയാണ് മീഡിയവൺ ചാനലും കടന്നുപോകുന്നത്. ചെയ്ത രാജ്യദ്രോഹക്കുറ്റം എന്താണെന്ന് ബോധ്യപ്പെടുത്താതെ കേന്ദ്ര സർക്കാർ ചാനലിനെ വിലക്കിയിരിക്കുന്നു. ഇന്ത്യൻ ജനാധിപത്യം ഇരുട്ടിലാവുന്നതിന്റെ സൂചനയാണിത്. സത്യം വിളിച്ചുപറഞ്ഞതിന്റെ പേരിൽ, രാജാവിന് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ വിളിച്ചുപറഞ്ഞതിന്റെ പേരിൽ വന്ന ഈ വിലക്ക് ചരിത്രത്തിലെ നാഴികക്കല്ലായിത്തീരുമെന്ന കാര്യത്തിൽ സംശയമില്ലെന്നും സിദ്ദിഖ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ഇതിനെക്കാൾ വലിയ സന്നാഹങ്ങളുമായി ഇറങ്ങിയ ബ്രിട്ടീഷുകാരെ മുട്ടുകുത്തിച്ച ചരിത്രമുള്ള ഇന്ത്യക്കാരുടെ, അവരുടെ ഷൂ നക്കുന്നതിനുപകരം അവരുടെ വിലക്കുകളും ദ്രോഹങ്ങളും ഏറ്റുവാങ്ങാൻ തയാറായ ധീരദേശാഭിമാനികളുടെ പിൻതലമുറക്കാർ ഈ രാജ്യത്തെ ഫാഷിസ്റ്റ് ഭരണകൂടത്തിൽനിന്ന് രക്ഷിച്ചെടുക്കുക തന്നെ ചെയ്യും. നട്ടെല്ല് വളക്കാതെ, നേരെ നിവർന്നുനിന്ന് ഏകാധിപതിക്കുനേരെ ശബ്ദിക്കുന്നവരുടെ ഐക്യദാർഢ്യം. എന്താണു കേന്ദ്ര സർക്കാർ പറയുന്ന രാജ്യദ്രോഹക്കുറ്റം എന്ന് ബോധ്യപ്പെടുത്തുംവരെ, അല്ലെങ്കിൽ ബോധ്യമാകുംവരെ മീഡിയവൺ ചാനലിനൊപ്പമെന്നും സിദ്ദിഖ് കുറിച്ചു.
Summary: MediaOne faces the same experience of the 'Al Ameen' newspaper during the freedom struggle, says T. Siddique MLA