'തദ്ദേശസ്ഥാപനങ്ങൾക്ക് പദ്ധതി വിഹിതം അനുവദിക്കുന്നില്ല'; മീഡിയവൺ വാർത്ത സഭയിലുന്നയിച്ച് പ്രതിപക്ഷം
|ഫണ്ട് നൽകാതെ തദ്ദേശ സ്ഥാപനങ്ങളെ സർക്കാർ കറവപ്പശുവിനെപ്പോലെ കറക്കുകയാണെന്ന് പ്രമേയം അവതരിപ്പിച്ച് ടി സിദ്ദിഖ് ആരോപിച്ചു.
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ ഫണ്ട് അനുവദിക്കുന്നില്ലെന്ന മീഡിയവൺ വാർത്ത അടിയന്തരപ്രമേയമായി നിയമസഭയിലുന്നയിച്ച് പ്രതിപക്ഷം.
ഫണ്ട് നൽകാതെ തദ്ദേശ സ്ഥാപനങ്ങളെ സർക്കാർ കറവപ്പശുവിനെപ്പോലെ കറക്കുകയാണെന്ന് പ്രമേയം അവതരിപ്പിച്ച് ടി സിദ്ദിഖ് ആരോപിച്ചു. പ്രതിസന്ധിക്കു കാരണം കേന്ദ്രസർക്കാരിന്റെ നിയന്ത്രണമാണെന്ന് മന്ത്രി എം.ബി രാജേഷ് മറുപടി നൽകി. 2023- 24 ലെ പദ്ധതി ചെലവ് 71.46 ശതമാനം മാത്രമാണെന്ന കണക്ക് പ്രതിപക്ഷ നേതാവ് പുറത്തുവിട്ടു.
സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം സ്തംഭനാവസ്ഥയിലേക്ക് പോകുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം. തദ്ദേശസ്ഥാപനങ്ങൾക്ക് അനുവദനീയമായ ഫണ്ട് നൽകുന്നതിൽ സർക്കാർ വീഴ്ച വരുത്തുന്നു എന്ന് പ്രതിപക്ഷം ആരോപിച്ചു.
ഓരോ വർഷം കഴിയുമ്പോഴും 27 കോടി രൂപയുടെ കുറവുണ്ടാകുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ഒരു ഗഡു മാത്രമാണ് ഫലപ്രദമായി ഉപയോഗിക്കാൻ കഴിഞ്ഞതെന്ന് അടിയന്തരപ്രമേയത്തിന് അനുമതി തേടി ടി സിദ്ദിഖ് പറഞ്ഞു. ട്രഷറിയിൽ പണമിടപാട് നിർത്തിവെച്ചതിന്റെ പിറ്റേദിവസം പണം അനുവദിച്ചു. ഇത് എങ്ങനെയാണ് പണം ചിലവാക്കാൻ കഴിയുക.
സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രത്തിന്റെ കേരളത്തോടുള്ള സമീപനമാണെന്നായിരുന്നു മന്ത്രിയുടെ മറുപടി. കണക്ക് വെച്ചുള്ള കള്ളത്തരമാണ് സർക്കാർ പറയുന്നത് എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇക്കഴിഞ്ഞ ആറാം തീയതി വികേന്ദ്രീകൃതാസൂത്രണ കോഓർഡിനേഷൻ കമ്മിറ്റിയുടെ യോഗത്തിൻ്റെ മിനിട്ട്സ് പ്രതിപക്ഷ നേതാവ് പുറത്ത് വിട്ടു. തദ്ദേശസ്ഥാപനങ്ങൾക്ക് ഫണ്ട് നൽകാതെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നത് സർക്കാരാണെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോൾ കേന്ദ്രത്തെ പഴിചാരി രക്ഷപ്പെടുകയാണ് സർക്കാർ.