മീഡിയവൺ സ്നേഹസ്പർശത്തിന്റെ ഭാഗമായി നിർമിച്ച 37മത് വീട് ഇന്ന് കൈമാറും
|വയനാട് വെള്ളമുണ്ടയിലാണ് സ്നേഹസ്പർശം ഭവനം പൂർത്തീകരിച്ചത്
കോഴിക്കോട്: മീഡിയവൺ സംപ്രേഷണം ചെയ്ത സ്നേഹസ്പർശം പ്രോഗ്രാമിന്റെ ഭാഗമായി നിർമിച്ച 37-മത് വീട് ഇന്ന് കൈമാറും. വയനാട് വെള്ളമുണ്ടയിലാണ് സ്നേഹസ്പർശം ഭവനം പൂർത്തീകരിച്ചത് .
നിരാലംബരായ രോഗികൾക്കും അശരണർക്കും കൈത്താങ്ങാവാൻ പീപ്പിൾസ് ഫൗണ്ടേഷനുമായി സഹകരിച്ചുള്ള മീഡിയവൺ സ്നേഹസ്പർശം പ്രോഗ്രാമിന്റെ ഭാഗമായുള്ള മുപ്പതിഏഴാമത്തെ വീടാണ് വയനാട് നടക്കൽ പീച്ചങ്കോട് പൂർത്തിയായത്. തരുവണ ചുങ്കംബ്രദേഴ്സിന്റെ നേതൃത്വത്തിൽ പ്രദേശവാസികളുടെ പിന്തുണയോടെയാണ് പദ്ധതിക്കാവശ്യമായ സ്ഥലം കണ്ടെത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാർ ചടങ്ങ് ഉദ്ഘാടനം ചെയ്യും. അൽ റബീഹ് മെഡിക്കൽ ഗ്രൂപ്പ് ഡയറക്ടർ മുജീബ് അടാട്ടിൽ താക്കോൽ കൈമാറും.
പ്രശസ്ത ഗായിക കെ.എസ്. ചിത്ര അവതരിപ്പിച്ച സ്നേഹസ്പർശം പരിപാടിയുടെ നൂറ്റിയമ്പത് എപ്പിസോഡുകളിലൂടെ അഞ്ഞൂറോളം രോഗികളുടെപ്രശ്നങ്ങൾക്ക് ആശ്വാസം കണ്ടെത്താനായി. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലായി 37 വീടുകൾ പൂർണമായും നിരവധി വീടുകൾ ഭാഗികമായും നിർമിച്ച് നൽകാനായി. മെഡിക്കൽ സഹായങ്ങൾ, വായ്പ തീർപ്പാക്കൽ, മാസാന്ത റേഷൻ, കുടിവെള്ള പദ്ധതി തുടങ്ങി നിരവധി സഹായങ്ങൾ കൈമാറി. സ്നേഹസ്പർശം അവതാരക കൂടിയായ കെ.എസ് ചിത്രയും പദ്ധതിയിക്ക് വിഹിതം കൈമാറിയിരുന്നു. നൂറാം എപ്പിസോഡ് പൂർത്തിയാക്കിയ വേളയിൽ കെ.എസ് ചിത്രയെ മന്ത്രി സജി ചെറിയാൻ ആദരിച്ചിരുന്നു. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന പീപ്പിൾസ് ഫൗണ്ടേഷനാണ് പ്രാദേശികമായി പദ്ധതി ഏകോപിപ്പിച്ചത്.