Kerala
മീഡിയവൺ വിധി സംഘ്പരിവാർ പദ്ധതികൾക്കേറ്റ കനത്ത തിരിച്ചടി: വെൽഫയർ പാർട്ടി
Kerala

മീഡിയവൺ വിധി സംഘ്പരിവാർ പദ്ധതികൾക്കേറ്റ കനത്ത തിരിച്ചടി: വെൽഫയർ പാർട്ടി

Web Desk
|
5 April 2023 12:45 PM GMT

''മാധ്യമസ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യ അവകാശങ്ങളുടെയും താല്പര്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന വിധി''

മീഡിയവൺ സംപ്രേഷണ വിലക്ക് നീക്കിയ സുപ്രിംകോടതി വിധി സ്വാഗതാർഹമാണെന്ന് വെൽഫയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. ദേശസുരക്ഷയുടെ പേരിൽ എന്തിനെയും നിരോധിക്കാനും നിയന്ത്രിക്കാനുമുള്ള സംഘ്പരിവാർ പദ്ധതികൾക്കേറ്റ കനത്ത തിരിച്ചടിയാണ് കോടതിവിധിയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. മാധ്യമസ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യ അവകാശങ്ങളുടെയും താല്പര്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന വിധിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2022 ജനുവരി 31ന് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ വിലക്കാണ് സുപ്രിംകോടതി റദ്ദാക്കിയത്. കേന്ദ്രനടപടി ശരിവെച്ച ഹൈക്കോടതി ഉത്തരവും സുപ്രിംകോടതി റദ്ദാക്കി. സർക്കാർ നയങ്ങൾക്ക് എതിരായ വാർത്തകളുടെ പേരിൽ മീഡിയവൺ രാജ്യവിരുദ്ധമാണ് എന്ന് പറയാൻ പറ്റില്ല. ഇങ്ങനെ പറയുന്നത് മാധ്യമങ്ങൾ എപ്പോഴും സർക്കാരിനെ പിന്തുണയ്ക്കണമെന്ന ധാരണ സൃഷ്ടിക്കും. ഇത് അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്ന ഭരണഘടനാ അവകാശത്തിന് വിരുദ്ധമാണ്. ആരോഗ്യകരമായ ജനാധിപത്യത്തിന് സ്വതന്ത്ര മാധ്യമങ്ങൾ അനിവാര്യമാണ്. കടുത്ത യാഥാർഥ്യങ്ങളെക്കുറിച്ചും പൗരൻമാരെ അറിയിക്കേണ്ട ബാധ്യത മാധ്യമങ്ങൾക്കുണ്ടെന്നും സുപ്രിംകോടതി വ്യക്തമാക്കി.

അധിക്ഷേപകരവും നിരുത്തരവാദപരവുമായ രീതിയിലാണ് കേന്ദ്ര സർക്കാർ മീഡിയവൺ കേസിൽ രാജ്യസുരക്ഷാ പ്രശ്നം ഉന്നയിച്ചത്. രാജ്യസുരക്ഷാ പ്രശ്നം അടിസ്ഥാന രഹിതമായി ഉന്നയിക്കാവുന്നതല്ല. അതിന് മതിയായ തെളിവുകളുടെ പിൻബലം വേണം. മീഡിയവണിന്റെ രാജ്യവിരുദ്ധതയുടെ തെളിവിന് കേന്ദ്ര സർക്കാർ അവലംബിക്കുന്നത്, സി.എ.എ - എൻ.ആർ.സി വാർത്തകളും കോടതി- സർക്കാർ വിമർശനങ്ങളുമാണ്. ഇത് ന്യായമായ വാദമല്ലെന്ന് കോടതി നിരീക്ഷിച്ചു.

റസാഖ് പാലേരിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

മീഡിയ വൺ ചാനലിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സംപ്രേഷണ വിലക്ക് നീക്കിയ സുപ്രീം കോടതി വിധി സ്വാഗതാർഹമാണ്. മാധ്യമസ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യ അവകാശങ്ങളുടെയും താല്പര്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന വിധിയാണിത്.

കേസിന്റെ തുടക്കം മുതൽ കേന്ദ്രസർക്കാർ തുടർന്ന് വന്ന സീൽഡ് കവർ ഭീഷണണിയെ സുപ്രീം കോടതി നിശിതമായി വിമർശിക്കുന്നുണ്ട്. സി.എ.എ.ക്കും എൻ.ആർ.സി ക്കും എതിരായ ചാനലിന്റെ റിപ്പോർട്ടുകൾ, സർക്കാരിനെതിരായ വിമർശനങ്ങൾ തുടങ്ങിയവ ചൂണ്ടിക്കാട്ടി മീഡിയവണ്ണിനെ വിലക്കാൻ ന്യായവാദങ്ങൾ ചമഞ്ഞ കേന്ദ്രസർക്കാരിനെ കോടതി വിധിയിൽ കൈകാര്യം ചെയ്യുന്നു. ദേശസുരക്ഷയുടെ പേരിൽ എന്തിനെയും നിരോധിക്കാനും നിയന്ത്രിക്കാനുമുള്ള സംഘ്പരിവാർ പദ്ധതികൾക്കേറ്റ കനത്ത തിരിച്ചടിയാണ് കോടതിവിധി.

നയങ്ങളിലും നിലപാടുകളിലും വെള്ളം ചേർക്കാതെ ധീരമായി നിയമപോരാട്ടം നടത്തിയ മീഡിയവൺ മാനേജ്മെന്റിനും മാധ്യമ പ്രവർത്തകർക്കും പത്ര പ്രവർത്തക യൂണിയനും മറ്റു സുഹൃത്തുക്കൾക്കും അഭിവാദ്യങ്ങൾ.

സത്യത്തിനും നീതിക്കും വേണ്ടി നിങ്ങൾ അടിയുറച്ചു നിന്നു. നിങ്ങളോടൊപ്പം നീതിബോധമുള്ള മുഴുവൻ പേരും നിലയുറപ്പിച്ചു. മീഡിയ വണ്ണിന് കൂടുതൽ തിളക്കത്തോടെ മുന്നേറാനാകട്ടെ എന്നാശംസിക്കുന്നു.

Similar Posts