സൗരോര്‍ജത്തിന്‍റെ കരുത്തില്‍ മീഡിയവണ്‍ നാളെമുതല്‍ പ്രേക്ഷകരിലേക്കെത്തും
|വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയാണ് സൗരോര്‍ജ്ജ പദ്ധതി ഉദ്ഘാടനം ചെയ്യുക.
മീഡിയവണ്‍ നാളെ മുതല്‍ പൂര്‍ണ്ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായി മാറും. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയാണ് സൗരോര്‍ജ്ജ പദ്ധതി ഉദ്ഘാടനം ചെയ്യുക. കോഴിക്കോട് വെള്ളിപറമ്പിലെ മീഡിയാവണ്‍ ആസ്ഥാനത്താണ് ചടങ്ങ്.
പൂര്‍ണമായും സൗരോര്‍ജ്ജത്തിലേക്ക് മാറുന്ന മാധ്യമ സ്ഥാപനമാവുകയാണ് നാളെമുതല്‍ മീഡിയാവണ്‍. ഊര്‍ജ്ജസംരക്ഷണത്തിന്‍റെ മാതൃക മുന്നോട്ടുവെക്കുന്ന മീഡിയാവണിന്‍റെ കാല്‍വെപ്പ് പുതിയ ചരിത്രമാകുകയാണ്. രാവിലെ 11നാണ് പദ്ധതിയുടെ ഉദ്ഘാടനം. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ മീഡിയാവണ്‍ ചെയര്‍മാന്‍ എം.ഐ അബ്ദുള്‍ അസീസ് അധ്യക്ഷത വഹിക്കും. മീഡിയാവണ്‍ വൈസ് ചെയര്‍മാന്‍ പി മുജീബ് റഹ്മാന്‍ പദ്ധതി വിശദീകരിക്കും. എം കെ രാഘവന്‍ എം.പി, പി.ടി.എ റഹീം എം.എല്‍.എ, പെരുവയല്‍ പഞ്ചായത്ത് പ്രസിഡന്‍റ് എം കെ സുഹറാബി, മീഡിയാവണ്‍ മാനേജിംഗ് ഡയറക്ടര്‍ ഡോക്ടര്‍ യാസീന്‍ അഷ്റഫ്,എഡിറ്റര്‍ പ്രമോദ് രാമന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.