എൻഡോസൾഫാൻ; ദുരിത ബാധിതരുടെ പട്ടികയിലില്ലാത്ത രോഗികൾക്ക് സൗജന്യ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് രൂപീകരിക്കും
|സമാന രോഗാവസ്ഥയിലുള്ള മറ്റു രോഗികൾക്ക് സൗജന്യ ചികിത്സ നിഷേധിക്കപ്പെടുന്നത് പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു
കാസർകോട്: എൻഡോസൾഫാൻ ദുരിത ബാധിതരുടെ പട്ടികയിലുൾപ്പെടാത്ത രോഗികൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിനായി മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ തീരുമാനം. പട്ടികയിലുൾപ്പെട്ടവരുടെ വീട്ടിലുള്ള സമാന രോഗികൾക്കാവും സൗജന്യ ചികിത്സ ലഭ്യമാക്കുക. മന്ത്രി എം.വി.ഗോവിന്ദന്റെ അധ്യക്ഷതയിൽ ചേർന്ന സെൽ യോഗത്തിലാണ് തീരുമാനം.
എൻഡോസൾഫാൻ ദുരിത ബാധിത പട്ടികയിലുൾപ്പെട്ട രോഗികൾക്ക് സൗജന്യ ചികിത്സ ലഭിക്കുമ്പോൾ ഇതേ വീട്ടിൽ സമാന രോഗാവസ്ഥയിലുള്ള മറ്റു രോഗികൾക്ക് സൗജന്യ ചികിത്സ നിഷേധിക്കപ്പെടുന്നത് പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. ഇത്തരത്തിലുള്ള രോഗികൾക്ക് കൂടി സൗജന്യ ചികിത്സ ലഭ്യമാകുന്നതിനാവശ്യമായ പരിശോധന നടത്താനാണ് പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കുക. കൂടാതെ മുളിയാർ പഞ്ചായത്തിലെ മുതലപ്പാറയിൽ നിർമ്മാണം ആരംഭിച്ച എൻഡോസൾഫാൻദുരിതബാധിതരുടെ പുനരധിവാസ ഗ്രാമം ഒരു വർഷത്തിനകം പൂർത്തിയാക്കാനും യോഗം തീരുമാനിച്ചു.
മജീഷ്യൻ ഗോപിനാഥ് മുതുക്കാടിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഡിഫറൻസ് ആർട്ട്‌സ് സെന്ററിന്റെ മാതൃകയിലാവും പുനരധിവാസ ഗ്രാമം. ഇത് സംബന്ധിച്ച് ഗോപിനാഥ് മുതുക്കാടുമായി പ്രാഥമിക ചർച്ചകൾ നടത്തിയതായി മന്ത്രി പറഞ്ഞു. എൻഡോ സൾഫാൻ ദുരിത ബാധിതർക്ക് നിർമിച്ച ബഡ്‌സ് സ്‌ക്കൂളുകൾ സർക്കാരിനോട് ഏറ്റെടുക്കണമെന്നാവശ്യപ്പെടാനും യോഗം തീരുമാനിച്ചു.