Kerala
മെഡിക്കൽ കോളേജ് ഐ.സി.യു പീഡനം; അതിജീവിതയുടെ മൊഴിമാറ്റാൻ ശ്രമിച്ച ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ചവർക്കെതിരെ നടപടി വേണമെന്നാവശ്യം
Kerala

മെഡിക്കൽ കോളേജ് ഐ.സി.യു പീഡനം; അതിജീവിതയുടെ മൊഴിമാറ്റാൻ ശ്രമിച്ച ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ചവർക്കെതിരെ നടപടി വേണമെന്നാവശ്യം

Web Desk
|
11 Jun 2023 2:26 AM GMT

ആരോഗ്യ വകുപ്പറിയാതെയാണ് അഞ്ച് ജീവനക്കാരെയും തിരികെ ജോലിയിൽ പ്രവേശിപ്പിച്ചതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വ്യക്തമാക്കിയിരുന്നു

കോഴിക്കോട്: മെഡിക്കൽ കോളേജ് ഐ.സി.യുവിൽ പീഡനത്തിനിരയായ യുവതിയുടെ മൊഴിമാറ്റാൻ ശ്രമിച്ച ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ചവർക്കെതിരെയും നടപടി വേണമെന്നാവശ്യം ശക്തമാകുന്നു. ആരോഗ്യ വകുപ്പറിയാതെയാണ് അഞ്ച് ജീവനക്കാരെയും തിരികെ ജോലിയിൽ പ്രവേശിപ്പിച്ചതെന്നാണ് ആരോഗ്യവകുപ്പ് മന്ത്രി അറിയിച്ചത്.

ആരോഗ്യവകുപ്പിൻറെ നിർദേശപ്രകാരമാണ് മെഡിക്കൽ കോളേജിലെ ഐ.സി.യുവിൽ പീഡനത്തിനിരയായ യുവതിയുടെ മൊഴിമാറ്റാൻ ശ്രമിച്ച അഞ്ച് പേരെയും മാർച്ച് 25ന് സസ്പെൻറ് ചെയ്തത്. ഈ ഉദ്യോഗസ്ഥരെയാണ് മെയ് 31ന് വിരമിച്ച മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ഇ വി ഗോപി വിരമിക്കുന്ന ദിവസം തന്നെ ജോലിയിൽ തിരിച്ചെടുത്തത്.

അന്വേഷണ കമ്മിറ്റി റിപ്പോർട്ടിൻമേൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ അനുമതി തേടുന്നതിനായി സസ്പെൻഷൻ പിൻവലിച്ച ഉത്തരവ് താൽക്കാലികമായി റദ്ദാക്കുന്നു എന്നാണ് ഉത്തരവിൽ പറയുന്നത്. നടപടി പിൻവലിക്കുന്നതിന് മുൻപ് ആരോടും അനുമതി തേടിയിട്ടില്ല എന്നും അന്വേഷണ റിപ്പോർട്ട് ആരോഗ്യവകുപ്പിന് സമർപ്പിച്ചിട്ടുമില്ല എന്നും വ്യക്തമാക്കുന്നതാണ് റിപ്പോർട്ട്. എന്നാൽ ആരുടെ നിർദേശപ്രകാരമാണ് ഉത്തരവ് പിൻവലിച്ചതെന്നതിൽ വ്യക്തതയില്ല.

പീഡനത്തിനിരയായ യുവതിയെ സഹായിച്ചതിൻറെ പേരിൽ സീനിയർ നഴ്‌സിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയ പരാതിയിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.

ആശുപത്രിയിൽ യുവതി പീഡനത്തിനിരയായ സംഭവത്തിൽ അറസ്റ്റിലായ മെഡിക്കൽ കോളജ് ജീവനക്കാരൻ എം.എം ശശീന്ദ്രനെ രക്ഷിക്കാൻ സഹപ്രവർത്തകരിൽ ചിലർ യുവതിയെ ഭീഷണിപ്പെടുത്തി എന്നായിരുന്നു പരാതി. ഇതുസംബന്ധിച്ച് യുവതി മെഡിക്കൽ കോളജ് സൂപ്രണ്ടിന് രേഖാമൂലം പരാതി നൽകിയിരുന്നു.

നഴ്‌സിങ് അസിസ്റ്റന്റ്, ആശുപത്രി അറ്റൻഡന്റ് ഗ്രേഡ് ഒന്ന്, അറ്റൻഡന്റ് ഗ്രേഡ് രണ്ട് തുടങ്ങിയവർ മുറിയിൽവന്ന് മൊഴിമാറ്റാൻ നിർബന്ധിച്ചു എന്നായിരുന്നു പരാതി.

Similar Posts