മെഡിക്കൽ കോളേജ് സെക്യൂരിറ്റി ജീവനക്കാരെ മർദിച്ച സംഭവം: പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
|പ്രതികളെല്ലാവരും ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ്
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ സെക്യുരിറ്റി ജീവനക്കാരെ മർദിച്ച കേസിൽ നാല് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി.
പ്രതിചേർക്കപ്പെട്ട അരുൺ , രാജേഷ്, അഷിൻ, മുഹമ്മദ് ഷബീർ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് കോഴിക്കോട് ജില്ല കോടതി തള്ളിയത്. പ്രതികളെല്ലാവരും ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ്. അൽപ സമയത്തിനുള്ളിൽ പ്രതികൾ കീഴടങ്ങുമെന്നാണ് വിവരം.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു അരുണിന്‍റെ നേതൃത്വത്തിലുളള പതിനാറംഗ സംഘം മെഡിക്കല്‍ കോളജിന്‍റെ പ്രധാന കവാടത്തിലെ മൂന്ന് സുരക്ഷാ ജീവനക്കാരെ മര്‍ദിച്ചത്. അക്രമത്തിന്‍റെ ദൃശ്യങ്ങളെടുക്കാന്‍ ശ്രമിച്ച മാധ്യമം സീനിയര്‍ റിപ്പോര്‍ട്ടര്‍ പി.ഷംസുദ്ദീനും മര്‍ദനമേറ്റിരുന്നു.
മൂന്ന് സുരക്ഷാ ജീവനക്കാര്‍ക്കാണ് മർദ്ദനമേറ്റത്. ഇവർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.
മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനെ കാണാനെത്തിയ ദമ്പതിമാരെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇവര്‍ മടങ്ങി പോയതിനു പിന്നാലെ സ്ഥലത്തെത്തിയ സംഘം സുരക്ഷാ ജീവനക്കാരെ അക്രമിക്കുകയായിരുന്നു.