Kerala
പ്രതികളുടെ വൈദ്യപരിശോധന; ആരോഗ്യവകുപ്പ് സര്‍ക്കുലറിനെതിരെ പൊലീസ്
Kerala

പ്രതികളുടെ വൈദ്യപരിശോധന; ആരോഗ്യവകുപ്പ് സര്‍ക്കുലറിനെതിരെ പൊലീസ്

Web Desk
|
13 Jun 2021 7:56 AM GMT

സര്‍ക്കുലറില്‍ ഇളവ് വേണമെന്നാവശ്യപ്പെട്ട് ദക്ഷിണ മേഖല ഐ.ജി ഹര്‍ഷിത അട്ടല്ലൂരി ഡി.ജി.പിക്ക് കത്ത് നൽകി.

അറസ്റ്റിലാകുന്ന പ്രതികള്‍ക്ക് വിശദ വൈദ്യപരിശോധന നിര്‍ദേശിക്കുന്ന ആരോഗ്യവകുപ്പിന്‍റെ പുതിയ സര്‍ക്കുലര്‍ അപ്രായോഗികമെന്ന് പൊലീസ്. സര്‍ക്കാര്‍ ആശുപത്രികളില്‍ പരിശോധനകള്‍ക്ക് സൗകര്യമില്ലാത്തതിനാല്‍ സര്‍ക്കുലറില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് ഐ.ജി ഹര്‍ഷിത അട്ടല്ലൂരി ഡി.ജി.പിക്ക് കത്ത് നൽകി. പുതിയ നിര്‍ദ്ദേശങ്ങള്‍ കാരണം പ്രതികളെ അനധികൃത കസ്റ്റഡിയില്‍വയ്ക്കേണ്ട സാഹചര്യമാണുള്ളതെന്ന് ഐ.ജി കത്തില്‍ വിശദീകരിക്കുന്നു.

രാജ്കുമാര്‍ കസ്റ്റഡി മരണം അന്വേഷിച്ച ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷന്‍റെ ശുപാര്‍ശകള്‍ പ്രകാരമാണ് ജൂണ്‍ നാലിന് ആരോഗ്യവകുപ്പ് സര്‍ക്കുലര്‍ ഇറക്കിയത്. പൊലീസ് കസ്റ്റഡിയിലിരുന്ന പ്രതികള്‍ക്ക് ദേഹോപദ്രവം ഏറ്റിട്ടുണ്ടോയെന്ന് കണ്ടെത്താനായി സാധാരണ വൈദ്യപരിശോധനയ്ക്ക് പുറമെ റീനല്‍ പ്രൊഫൈല്‍, സി.പി.കെ, യൂറിന്‍ മയോഗ്ലോബിന്‍, സി.ആര്‍.പി ടെസ്റ്റുകളടക്കം നടത്തണമെന്നായിരുന്നു സര്‍ക്കുലര്‍.

എന്നാല്‍, ഇതില്‍ പല പരിശോധനകള്‍ക്കും സര്‍ക്കാര്‍ ആശുപത്രികളില്‍ സൗകര്യമില്ലാത്തതിനാല്‍ പൊലീസിന് സ്വകാര്യ ആശുപത്രികളില്‍ പ്രതികളെ കൊണ്ടുപോകേണ്ടി വന്നു. പരിശോധന ഫലം ലഭിക്കാന്‍ ഒരു ദിവസം വേണമെന്നതിനാല്‍ റിമാന്‍ഡ് പ്രതികളെ അനധികൃത കസ്റ്റഡിയില്‍വയ്ക്കേണ്ട സാഹചര്യവും ഉടലെടുത്തു. ഇതോടെ ഉദ്യോഗസ്ഥര്‍ ജില്ല പൊലീസ് മേധാവികളെ പ്രായോഗിക ബുദ്ധിമുട്ട് ധരിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഐ.ജി ഹര്‍ഷിത അട്ടല്ലൂരി ഡി.ജി.പിക്ക് കത്ത് നല്‍കിയത്.

പൊലീസിന് അധിക ഭാരമുണ്ടാക്കുന്ന സര്‍ക്കുലറില്‍ ഇളവ് വേണമെന്നാണ് കത്തിലെ ആവശ്യം. ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ പ്രതികളെ ജ്യൂഡീഷ്യല്‍ കസ്റ്റഡിയില്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നത് പരിഗണിക്കണമെന്നും ഐ.ജി കത്തില്‍ പറയുന്നു.

വൈദ്യ പരിശോധനയെ എതിര്‍ക്കുന്നില്ലെന്നും, പോലീസ്, ജയില്‍, ആരോഗ്യവകുപ്പുകള്‍ക്ക് അധികഭാരമുണ്ടാക്കാത്ത തരത്തില്‍ ഇത് നടപ്പാക്കണമെന്നാണ് നിലപാടെന്നും പോലീസ് ഓഫീസേഴ്സ് അസോസിയേഷനും വിശദീകരിച്ചു. എന്നാല്‍ ആശുപത്രികളില്‍ കൊണ്ടുവരുന്ന പ്രതികള്‍ക്ക് പരിക്കേറ്റിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താനാണ് പരിശോധനകളെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിലപാട്.

Similar Posts