വറ്റി വരണ്ട് മീനച്ചിലാർ; കടുത്ത ജലക്ഷാമം നേരിട്ട് പ്രദേശവാസികൾ
|മുമ്പ് ഇതുപോലൊരവസ്ഥ ഉണ്ടായിട്ടില്ലെന്നാണ് തീരത്തുള്ളവർ പറയുന്നത്.
കോട്ടയം: വേനൽ കടുത്തതോടെ വറ്റി വരണ്ട് മീനച്ചിലാർ. കിഴക്കൻ മേഖലയിൽ മീനച്ചിലാറ്റിലെ ജലം പൂർണമായി വറ്റി. ജലനിരപ്പ് താഴ്ന്നതോടെ സമീപ പ്രദേശങ്ങളിലെ ജലസ്രോതസുകളും വറ്റി വരണ്ടു.
പ്രളയത്തിന്റെ ഭീതിയൊഴിഞ്ഞിട്ടില്ല മീനച്ചിലാറിന്റെ തീരത്തുള്ളവർക്ക്. പക്ഷേ ഇപ്പോഴത്തെ ആശങ്ക ഇതാണ്. വേനൽ എത്തും മുമ്പേ വറ്റി വരണ്ടു തുടങ്ങിയിരുന്നു മീനച്ചിലാർ.
മാർച്ചിലേക്ക് കടന്നപ്പോൾ പൂർണമായി വറ്റി വരണ്ടു. അടിത്തട്ടിൽ പോലും വെള്ളമില്ലാത്ത അവസ്ഥ. മുമ്പ് ഇതുപോലൊരവസ്ഥ ഉണ്ടായിട്ടില്ലെന്നാണ് തീരത്തുള്ളവർ പറയുന്നത്.
മീനച്ചിലാറ്റിലെ ജലനിരപ്പ് താഴ്ന്നതോടെ സമീപത്തെ കിണറുകളിലും വെള്ളം ഇല്ലാതായി. കുടിവെള്ള വിതരണത്തിനുള്ള പമ്പിങ്ങും മുടങ്ങി. ഇതോടെ വലിയ ജലക്ഷാമമാണ് പ്രദേശത്ത് നേരിടുന്നത്.
കിഴക്കൻ മേഖലയിലാണ് വരൾച്ച രൂക്ഷമായിരിക്കുന്നത്. വരും ദിവസങ്ങളിൽ വേനൽ കടുത്താൽ മീനച്ചിലാറിന്റെ സ്ഥിതി അതിരൂക്ഷമാകും.