'ഭാരത് മാതാ കീ ജയ്' ഏറ്റുവിളിച്ചില്ല; കോഴിക്കോട്ടെ സദസ്സിനോട് ക്ഷോഭിച്ച് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി
|സദസ്സിൽ ഇരുന്ന മുഴുവൻ പേരെയും ഭാരത് മാതാ കീ ജയ് മുദ്രാവാക്യം ഏറ്റുവിളിപ്പിച്ചാണ് മന്ത്രി പ്രസംഗപീഠം വിട്ടുപോയത്.
കോഴിക്കോട്: നാഷണൽ യൂത്ത് ഡേ സെലബ്രേഷൻ കമ്മിറ്റി കോഴിക്കോട്ട് സംഘടിപ്പിച്ച എവേക്ക് യൂത്ത് ഫോർ നേഷൻ പരിപാടിയിൽ സദസ്സിനോട് ക്ഷോഭിച്ച് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. പ്രസംഗത്തിന് ഒടുവിൽ താൻ വിളിച്ച ഭാരത് മാതാ കീ ജയ് മുദ്രാവാക്യം സദസ്സ് ഉച്ചത്തിൽ ഏറ്റുവിളിക്കാത്തതിനെ തുടർന്നാണ് മന്ത്രി പ്രകോപിതയായത്. കോഴിക്കോട് കണ്ടംകുളം ജൂബിലി ഹാളിലായിരുന്നു സംഘ്പരിവാര്‍ അനുകൂല പരിപാടി.
പ്രസംഗം അവസാനിപ്പിച്ച ശേഷമാണ് മന്ത്രി ഭാരത് മാതാ കീ ജയ് വിളിച്ചത്. എന്നാൽ സദസ്സിൽ നിന്ന് തണുപ്പൻ പ്രതികരണമാണ് ലഭിച്ചത്. ഇത് മന്ത്രിയെ ചൊടിപ്പിച്ചു. 'ഭാരതം നിങ്ങളുടെ അമ്മയല്ലേ, എന്താണ് ഇങ്ങനെയൊരു മനോഭാവം? ആർക്കെങ്കിലും ഈ രാജ്യത്തിന്റെ പേരിൽ അഭിമാനമില്ലെങ്കിൽ ഈ കോൺക്ലേവിൽ പങ്കെടുക്കരുത്. ' - എന്ന് പറഞ്ഞ് മന്ത്രി ക്ഷുഭിതയായി. പിന്നീട് സദസ്സിൽ ഇരുന്ന മുഴുവൻ പേരെയും ഭാരത് മാതാ കീ ജയ് മുദ്രാവാക്യം ഏറ്റുവിളിപ്പിച്ചാണ് മന്ത്രി പ്രസംഗപീഠം വിട്ടുപോയത്.
2047 ഓടെ ഇന്ത്യ വികസിത രാഷ്ട്രമാകുമെന്ന് പ്രസംഗത്തിൽ മീനാക്ഷി ലേഖി അവകാശപ്പെട്ടു. എല്ലാവരെയും ഉൾക്കൊള്ളിച്ചുള്ള വികസനമാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ആരെയും മാറ്റി നിർത്തില്ല. നമ്മുടെ സംസ്‌കാരിക മൂല്യങ്ങൾ അതിനായി പരിപോഷിപ്പിക്കേണ്ടതുണ്ട്. അങ്ങനെ രാജ്യം അഭിമാനിതയാകണം- അവർ കൂട്ടിച്ചേർത്തു.