പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച വിജയകരം: കർദിനാൾ ജോർജ് ആലഞ്ചേരി
|'ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളെ കുറിച്ച് സംസാരിച്ചു. എല്ലാ മതസ്ഥർക്കും ഒരുപോലെ സംരക്ഷണം നൽകുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി'
തിരുവനന്തപുരം: പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച വിജയകരമെന്ന് കർദിനാൾ ജോർജ് ആലഞ്ചേരി. 'ഏഴ് ക്രൈസ്തവ മേലധ്യക്ഷന്മാരാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. കേരളത്തിന്റെ പ്രശ്നങ്ങൾ ചർച്ച ചെയ്തു. ദളിത് ക്രൈസ്തവരുടെ സംവരണവും ചർച്ചയായി. പ്രധാനമന്ത്രി കാര്യങ്ങൾ തുറന്ന് സംസാരിച്ചു. ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളെ കുറിച്ച് സംസാരിച്ചു. എല്ലാ മതസ്ഥർക്കും ഒരുപോലെ സംരക്ഷണം നൽകുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി'. കർദിനാൾ ജോർജ് ആലഞ്ചേരി പറഞ്ഞു.
അതേസമയം കേരളത്തിനായി അനുവദിച്ച വന്ദേഭാരത് ട്രെയിനിന്റെ ഫ്ലാഗ് ഓഫ് ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ പങ്കെടുത്തു.
തിരുവനന്തപുരം സെൻട്രൽ റെയിൽവേസ്റ്റേഷനിലായിരുന്നു പരിപാടി. തിരുവനന്തപുരം സെൻട്രൽ റെയിൽവേസ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നാണ് വന്ദേഭാരത് ആദ്യ യാത്ര തുടങ്ങിയത്. ഈ ചടങ്ങിന് ശേഷമാണ് പ്രധാനമന്ത്രി സെൻട്രൽ സ്റ്റേഡിയത്തിലെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാനായി തിരിച്ചത്. വാട്ടർ മെട്രോ,ഡിജിറ്റൽ സർവകലാശാലകളുടെ ഉദ്ഘാടനം എന്നിവയാണ് ഇവിടെ വെച്ച് പ്രധാനമന്ത്രി നിർവഹിച്ചത്.
വിവിധ റെയിൽവേ സ്റ്റേഷനുകളുടെ വികസന പദ്ധതികൾ, കേന്ദ്രം അനുവദിച്ച 3,200 കോടി രൂപയുടെ പദ്ധതികൾ എന്നിവയും ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കുന്ന എസ്.പി.ജി കമാൻഡോ സംഘത്തിന് പുറമെ കേരള പൊലീസിലെ 1500 സുരക്ഷാ ഉദ്യോഗസ്ഥരേയും നഗരത്തിൽ വിന്യസിച്ചിട്ടുണ്ട്.
പ്രതിഷേധ സൂചനകളുണ്ടായാൽ കരുതൽ തടങ്കൽ ഉൾപ്പെടെയുള്ള നടപടികളിലേക്ക് പൊലീസ് കടക്കും. രാവിലെ ഉച്ചയ്ക്ക് രണ്ട് മണിവരെ ഗതാഗത നിയന്ത്രണമുണ്ട്. സെൻട്രൽ റെയിൽവെ സ്റ്റേഷൻ, തമ്പാനൂർ കെ.എസ്.ആർ.ടി.സി പരിസരങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തി.