Kerala
മനം നിറയെ കൊച്ചി കാണാൻ കോതമംഗലം പീസ് വാലിയിൽ നിന്നും അവരെത്തി
Kerala

മനം നിറയെ കൊച്ചി കാണാൻ കോതമംഗലം പീസ് വാലിയിൽ നിന്നും അവരെത്തി

Web Desk
|
11 Oct 2021 11:08 AM GMT

അകക്കണ്ണിന്റെ കാഴ്ചയാണ് നാല് വയസുകാരനായ ടിപ്പുവിന് ഉള്ളത്. മെട്രോയുടെ ചില്ലു ജാലകത്തിനു പുറത്തേക്ക് ചിരിച്ചുകൊണ്ട് ഏറെനേരം അവൻ നോക്കി നിൽക്കുന്നുണ്ടായിരുന്നു.

കളക്ടറുടെ കൈയിൽ മുറുകെ പിടിച്ച് പുറത്തെ കാഴ്ച്ചകൾ കാണുമ്പോൾ 27 വർഷമായി വീൽചെയറിൽ ജീവിക്കുന്ന ഷൈമോളുടെ മുഖത്ത് നിറയെ പുഞ്ചിരിയായിരുന്നു. അകക്കണ്ണിന്റെ കാഴ്ചയാണ് നാല് വയസുകാരനായ ടിപ്പുവിന് ഉള്ളത്. മെട്രോയുടെ ചില്ലു ജാലകത്തിനു പുറത്തേക്ക് ചിരിച്ചുകൊണ്ട് ഏറെനേരം അവൻ നോക്കി നിൽക്കുന്നുണ്ടായിരുന്നു.

ഡൗൺ സിൻഡ്രോം ബാധിതരായ ഇരട്ട സഹോദരൻമാർ അസദും അർഷദും പരസ്പരം കൈകോർത്തു പിടിച്ചായിരുന്നു ഇരുന്നിരുന്നത്. കോതമംഗലം പീസ് വാലിക്ക് കീഴിലെ സാമൂഹിക മാനസിക പുനരധിവാസ കേന്ദ്രത്തിലെ അംഗങ്ങൾക്കായി സംഘടിപ്പിച്ച മെട്രോ യാത്രയിലെ കാഴ്ചകളായിരുന്നു ഇതൊക്കെ.

പാട്ടും കഥയുമായി ആലുവയിൽ നിന്നും എംജി റോഡ് സ്റ്റേഷൻ വരെയായിരുന്നു യാത്ര. കൊച്ചി മെട്രോയുമായി സഹകരിച്ചായിരുന്നു യാത്ര സംഘടിപ്പിച്ചത്.അഗതികൾക്ക് സൗജന്യ യാത്രയാണ് മെട്രോ ഒരുക്കിയത്.

മാനസിക പ്രയാസം അനുഭവിക്കുന്നവർ, വീൽ ചെയറിൽ ജീവിക്കുന്നവർ, കിടപ്പുരോഗികൾ എന്നിവരുൾപ്പെടെ നൂറോളം പേരാണ് യാത്രയിൽ പങ്കെടുത്തത്. ജില്ലാ കളക്ടർ ജാഫർ മാലിക് ഐഎഎസ് യാത്രയിൽ പീസ് വാലിക്കൊപ്പം ചേർന്നിരുന്നു.

എല്ലാവർക്കും മധുര പലഹാരവുമായാണ് അദ്ദേഹം എത്തിയത്. ജീവിതം മുഴുവൻ ഒരു മുറിയിൽ ഒതുങ്ങിപോകുമായിരുന്നവർക്ക് പീസ് വാലി നൽകുന്ന അവസരങ്ങൾ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. കോതമംഗലം നെല്ലികുഴിയിൽ പത്തേക്കർ സ്ഥലത്താണ് പീസ് വാലി പ്രവർത്തിക്കുന്നത്. സാമൂഹിക മാനസിക പുനരധിവാസ കേന്ദ്രം, സാന്ത്വന പരിചരണ കേന്ദ്രം, ഡയാലിസിസ് സെന്റർ, നട്ടെല്ലിന് പരിക്കേറ്റവർക്കുള്ള ചികിത്സ -പുനരധിവാസ കേന്ദ്രം, കീമോ തെറാപ്പി, സഞ്ചരിക്കുന്ന ആശുപത്രി എന്നിവയെല്ലാം പീസ് വാലി എറ്റെടുത്ത് നടത്തുന്നുണ്ട്.

4 വയസ്സ് മുതൽ 99 വയസ് വരെയുള്ള 150 ഓളം പേരാണ് നിലവിൽ പീസ് വാലിയിലെ അന്തേവാസികൾ. ഒരു വർഷം മുൻപ് സാഗര റാണി കപ്പലിൽ അഗതികളുമായി ഇവർ നടത്തിയ യാത്ര ഏറെ ശ്രദ്ധേയമായിരുന്നു. പൂർണമായും സൗജന്യമായാണ് പീസ് വാലിയിൽ സേവനങ്ങൾ നൽകുന്നത്.

പീസ് വാലി ചെയർമാൻ പി.എം. അബൂബക്കർ, വൈസ് ചെയർമാൻ രാജീവ് പള്ളുരുത്തി, മെട്രോ പി.ആർ.ഒ സുമി, ഓപ്പറേഷൻസ് വിഭാഗം മേധാവി പ്രദീപ് കത്രി, പീസ് വാലി ഭാരവാഹികളായ എം.എം. ശംസുദ്ധീൻ, കെ.എ. ഷെമീർ, കെ.എച്ച് ഹമീദ്, ഇ.എ ഉസ്മാൻ, കെ.എസ് ഷാജഹാൻ, മെഡിക്കൽ ഓഫീസർ ഡോ. ഹെന്ന, ക്ലിനിക്കൽ ഡയറക്ടർ ഡോ. ഹേന എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Similar Posts