'ആരുമില്ലാത്ത ഒരു കുട്ടിയെ ഞാൻ ദത്തെടുത്തോളാം'- വാഗ്ദാനവുമായി സ്നേഹ മനസുകൾ; ദുരന്തമുഖത്ത് കരുതലിന്റെ മഹാമാതൃക വീണ്ടും
|ദുരന്തവുമായി ബന്ധപ്പെട്ട വാർത്തകൾക്കും വീഡിയോകൾക്കും താഴെയാണ് കുഞ്ഞുങ്ങളെ ഏറ്റെടുത്ത് വളർത്താൻ തയാറാണെന്ന് പലരും അറിയിച്ചിരിക്കുന്നത്.
മേപ്പാടി: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ പെറ്റമ്മയടങ്ങുന്ന ഉറ്റവരെ നഷ്ടപ്പെട്ടവരിൽ പിഞ്ചുപൈതങ്ങളടക്കമുണ്ട്. മരണത്തെ മുഖാമുഖം കണ്ട ചെളിക്കൂമ്പാരത്തിൽ നിന്ന് ജീവിത്തതിന്റെ കരയിലേക്ക് എടുത്തുയർത്തപ്പെട്ട കുഞ്ഞുങ്ങൾ പലർക്കും മുലപ്പാൽ പോലും ലഭിക്കാത്ത സാഹചര്യം കണക്കിലെടുത്ത് അത് വാഗ്ദാനം ചെയ്ത മനുഷ്യസ്നേഹത്തിന്റെ മധുരമാതൃകയ്ക്ക് കഴിഞ്ഞദിവസം മലയാളക്കര സാക്ഷിയായി. ഇപ്പോഴിതാ, ആരോരുമില്ലാത്ത കുഞ്ഞുങ്ങൾക്ക് മാതൃ-പിതൃ സ്ഥാനീയരായി ആശ്രയമാവാനും തയാറായി രംഗത്തെത്തിയിരിക്കുകയാണ് ഒരുപറ്റം മനുഷ്യർ.
ദുരന്തഭൂമിയിൽ അനാഥരായ കുഞ്ഞുങ്ങളെ ദത്തെടുക്കാൻ തയാറാണെന്ന് വിവിധയിടങ്ങളിലെ സ്നേഹമനസുകൾ വ്യക്തമാക്കിയിരിക്കുന്നു. ദുരന്തവുമായി ബന്ധപ്പെട്ട് ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽമീഡിയകളിൽ പങ്കുവയ്ക്കപ്പെട്ട വാർത്തകൾക്കും വീഡിയോകൾക്കും താഴെയാണ് കുഞ്ഞുങ്ങളെ ഏറ്റെടുത്ത് വളർത്താൻ തയാറാണെന്ന് പലരും അറിയിച്ചിരിക്കുന്നത്.
'ആരുമില്ലാത്ത ഒരു കുട്ടിയെ ഞാൻ അഡോപ്റ്റ് ചെയ്തോളാം... ഞാൻ ഭയങ്കര സാമ്പത്തികസ്ഥിതിയുള്ള ഒരാളല്ല... പക്ഷേ ആ കുട്ടിയെ ഞങ്ങടെ കുടുംബം നോക്കിക്കോളാം... അങ്ങനെ ഉണ്ടെങ്കിൽ വിളിക്കുക'- എന്നു പറഞ്ഞ് മൊബൈൽ നമ്പരടക്കം കൊടുത്തിരിക്കുകയാണ് 'ഇറ്റ്സ് മി അമല' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉടമ. 'അഡോപ്റ്റ് ചെയ്യാൻ സാമ്പത്തിക ഒരു പ്രശ്നമല്ലെങ്കിൽ ആരുമില്ലാത്ത ഒരു കുഞ്ഞിന് അമ്മയാവാൻ ഞാൻ തയാറാണ്. എനിക്ക് നാല് വയസുള്ള ഒരു മോനുണ്ട്. അവന്റെ കൂടെ വളർത്തിക്കോളാം'- എന്നാണ് 'മെർമൈഡ്' എന്ന പ്രൊഫൈലിൽ നിന്നുള്ള കമന്റ്.
'ഉപ്പയും ഉമ്മയും നഷ്ടപ്പെട്ട ചെറിയ കുട്ടി ഉണ്ടേൽ ഏറ്റെടുക്കാൻ തയാറാണ്'- എന്ന് 'ദിലുക്സ്' എന്ന പ്രൊഫൈൽ പറയുന്നു. 'ആരുമില്ലാത്ത ഒരു കുട്ടിയെ അഡോപ്റ്റ് ചെയ്യാൻ ഞാൻ തയാറാണ്'- എന്ന് ദേവൂട്ടി ഗോപിനാഥൻ നായർ എന്ന യുവതിയും അറിയിച്ചു. 'ഞാനും തയാറാണ്. ഉപ്പയും ഉമ്മയും ഇല്ലാത്ത കുട്ടിയുണ്ടേൽ ഞാൻ ഏറ്റെടുക്കാം ഒരാളെ'- മറ്റൊരാൾ കുറിച്ചു. ഓരോ കമന്റുകൾക്കടിയിലും ഇവരുടെ വിശാലമനസും സ്നേഹവായ്പും മനുഷ്യസ്നേഹവും ചൂണ്ടിക്കാട്ടി നിരവധി പേരാണ് അഭിനന്ദനവും സന്തോഷവും അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞദിവസം, ദുരന്തഭൂമിയിൽ അമ്മ നഷ്ടപ്പെട്ടു കഴിയുന്ന കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാൻ തയാറാണ് എന്ന പൊതുപ്രവർത്തകന്റെ സന്ദേശം കേരളം ഏറ്റെടുത്തിരുന്നു. 'ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണേ... എന്റെ വൈഫ് റെഡിയാണ്' എന്നായിരുന്നു പൊതുപ്രവർത്തകന്റെ സന്ദേശം. വെള്ളമുണ്ട സ്വദേശി അസീസാണ് ഈ സന്ദേശം വാട്ട്സ്ആപ്പിലൂടെ അറിയിച്ചത്.
ഇതിനു പിന്നാലെ ഇടുക്കി സ്വദേശിയായ സജിനും കുടുംബവും വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പില് കുഞ്ഞുമക്കൾ ഉണ്ടെങ്കില് അവരെ പരിപാലിക്കാനും മുലപ്പാൽ നൽകി സംരക്ഷിക്കാനും തയാറാണെന്ന് അറിയിച്ചിരുന്നു. 'ഞങ്ങൾ ഇടുക്കിയിലാണ് എങ്കിലും വയനാട്ടിൽ വന്ന് കുഞ്ഞുമക്കൾ ആരെങ്കിലും ഉണ്ടെങ്കിൽ ആ കുഞ്ഞിനെ പരിപാലിക്കാനും മുലപ്പാൽ നൽകി സംരക്ഷിക്കാനും എന്റെ കുടുംബവും തയാറാണ്. ഞങ്ങൾക്കും ഉണ്ട് കുഞ്ഞുമക്കൾ'- എന്നാണ് ഫോൺ നമ്പർ സഹിതം സജിൻ കുറിച്ചത്. പിന്നാലെ ഇരുവരും മക്കളുമായി വയനാട്ടിലേക്ക് പുറപ്പെടുകയും ചെയ്തു. ചേർത്തുപിടിക്കലിന്റെ ഇത്തരം മനുഷ്യരുള്ള നമ്മുടെ നാട് എവിടെയും തോൽക്കില്ല എന്നാണ് ഈ സന്ദേശങ്ങളോടുള്ള നിരവധി പേരുടെ പ്രതികരണം.