തിരുവനന്തപുരത്ത് വാഹനാപകടത്തിൽപ്പെട്ടവരെ രക്ഷിച്ച ദമ്പതികളെ മർദിച്ചതായി പരാതി
|അപകടത്തിൽപ്പെട്ടയാളും സുഹൃത്തും ചേർന്ന് മർദിച്ചു എന്നാണ് പരാതി.
തിരുവനന്തപുരം: തിരുവനന്തപുരത്ത് വാഹനാപകടത്തിൽപ്പെട്ടവരെ രക്ഷിച്ച ദമ്പതികളെ മർദിച്ചതായി പരാതി. പതിനാറാം മൈൽ സ്വദേശികളായ ഷബീർ ഖാനും ഭാര്യ സജീനയ്ക്കുമാണ് മർദനമേറ്റത്. അപകടത്തിൽപ്പെട്ടയാളും സുഹൃത്തും ചേർന്ന് മർദിച്ചു എന്നാണ് പരാതി. മുടപുരം സ്വദേശി ജഹാംഗീറിനും സുഹൃത്തിനുമെതിരെയാണ് പരാതി. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു.
തിങ്കളാഴ്ച രാത്രി 11.30നാണ് പതിനാറാംമൈലിലെ സ്കൂളിന് മുന്നിൽവച്ച് സ്കൂട്ടർ യാത്രികരായ ജഹാംഗീറും ഭാര്യയും മകളും അപകടത്തിൽപ്പെടുന്നത്. ശബ്ദം കേട്ട് സമീപത്തെ വീട്ടുടമയായ ഷബീർഖാനും ഭാര്യയും പുറത്തേക്കുവരികയും അപകടത്തിൽപ്പെട്ടവരെ രക്ഷപെടുത്തി വീട്ടിലെത്തിച്ച് വെള്ളം കൊടുക്കുകയും അടുത്തുള്ള ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുകയും ചെയ്തു.
ഈ സമയമാണ്, അപകടത്തിൽപ്പെട്ട ജഹാംഗീറിന്റെ സുഹൃത്തായ നസീർ സ്കൂട്ടറിലെത്തി ഷബീറിനെ ആക്രമിച്ചത്. തുടർന്ന് ജഹാംഹീറും ഇയാൾക്കൊപ്പം കൂടുകയും ഷബീറിനെ മതിലിൽ ചാരിനിർത്തി മർദിക്കുകയും തടയാൻ വന്ന ഭാര്യയെ തള്ളി നിലത്തിടുകയും ചെയ്തു.
വീട്ടുമുറ്റത്തിരുന്ന സൈക്കിളും ചെടിച്ചട്ടികളും നശിപ്പിക്കുകയും ഇവയുൾപ്പെടെയെടുത്ത് ദമ്പതികളെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. സംഭവത്തിൽ മംഗലപുരം പൊലീസിൽ ദമ്പതികൾ പരാതി നൽകിയെങ്കിലും എസ്എച്ച്ഒ ഇത് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന് ഷബീർ പറയുന്നു.
ഉദ്യോഗസ്ഥൻ കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്നും ഷബീർ ആരോപിക്കുന്നു. സംഭവത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പിക്കും ഡിജിപിക്കും പരാതി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം.