മേഴ്‌സിക്കുട്ടിയമ്മയോ, അതാരാണെന്ന് എൻ. പ്രശാന്ത് ഐഎഎസ്
|ആഴക്കടല്‍ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തിന് പിന്നില്‍ പ്രശാന്താണെന്നായിരുന്നു മേഴ്‌സിക്കുട്ടിയമ്മ ആരോപിച്ചിരുന്നത്.
തിരുവനന്തപുരം: മുൻ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ ആരോപണങ്ങൾക്ക് മറുപടിയുണ്ടോ എന്ന ചോദ്യത്തിന് അവർ ആരെന്ന് എൻ.പ്രശാന്ത് ഐഎഎസ്.
അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെതിരായ നിലപാടുകൾ ആവർത്തിച്ച എൻ. പ്രശാന്ത്, പോരാട്ടം തുടരുമെന്ന് വ്യക്തമാക്കി ഫേസ്ബുക്കില്‍ ഇന്ന് പോസ്റ്റിട്ടിരുന്നു. ഇതില്‍ വന്ന കമന്റായിരുന്നു 'സഖാവ് മേഴ്സിക്കുട്ടിയമ്മക്ക് മറുപടിയുണ്ടോ ബ്രോ' എന്നത്. ഇതിന് മറുപടിയായാണ് അവര്‍ ആരെന്ന് പ്രശാന്ത് ചോദിച്ചത്.
ആഴക്കടല്‍ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തിന് പിന്നില്‍ പ്രശാന്താണെന്നായിരുന്നു മേഴ്‌സിക്കുട്ടിയമ്മ ആരോപിച്ചിരുന്നത്. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന പ്രശാന്ത് നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയായിരുന്നു ആഴക്കടല്‍ വില്‍പ്പനയെന്ന ആരോപണമെന്നും ഇതിന്റെ ലക്ഷ്യം തീരദേശ മണ്ഡലങ്ങള്‍ യുഡിഎഫിന് ഉറപ്പാക്കുക എന്നതായിരുന്നുവെന്നുമാണ് മേഴ്‌സിക്കുട്ടിയമ്മ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.
ഐഎഎസ് തലപ്പത്തെ പോരിൽ എൻ. പ്രശാന്തിനെതിരെ സർക്കാർ അച്ചടക്ക നടപടി ആലോചിക്കുന്നതിനിടെയാണ് മുൻമന്ത്രിയുടെ വിമർശനം
ഇതിനിടെ പ്രശാന്തിനെതിരെ മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഗോപകുമാർ മുകുന്ദനും രംഗത്ത് എത്തി. കോഴിക്കോട് കലക്ടറായിരിക്കെ പ്രശാന്ത് ഫണ്ട് മാറ്റി കാർ വാങ്ങി. റിപ്പോർട്ട് തയ്യാറാക്കിയ അഡീഷണൽ സെക്രട്ടറിയെ പ്രശാന്ത് ഭീഷണിപ്പെടുത്തിയെന്നും ഗോപകുമാർ മുകുന്ദൻ ഫേസ്ബുക്കിൽ ആരോപിച്ചു.
'എന്‍. പ്രശാന്ത് കോഴിക്കോട് ബ്രോ ആയിരുന്ന കാലത്ത് പുഴ സംരക്ഷണത്തിനോ മറ്റോ ഉള്ള ഫണ്ട് എടുത്ത് കാറു വാങ്ങി. ധനകാര്യ നോൺ ടെക്നിക്കൽ പരിശോധനാ വിഭാഗം ഇക്കാര്യം കണ്ടെത്തി റിപ്പോർട്ട് എഴുതി. ഒരു അഡീഷണൽ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അയാളെ ഈ നന്മമരം ഭീഷണിപ്പെടുത്തിയത് നേരിട്ടറിയാമെന്നും'- ഗോപകുമാര്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.