അങ്കോല തിരച്ചിൽ: അര്‍ജുന്‍റെ ലോറിയുടെ ലോഹഭാഗം കണ്ടെത്തി; തൻ്റെ ലോറിയുടെ ഭാഗമെന്ന് സ്ഥിരീകരിച്ച് ഉടമ
|ഗംഗാവാലി പുഴയില്‍ ഡ്രഡ്ജർ ഉപയോഗിച്ചുള്ള പരിശോധനയിലാണ് ലോറിയുടെ വാട്ടർ സ്റ്റാൻഡ് കണ്ടെത്തിയത്
അങ്കോല: ഷിരൂരിൽ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അർജുനായുള്ള തിരച്ചിലില്‍ ലോറിയുടെ ലോഹഭാഗങ്ങള്‍ കണ്ടെത്തി. ഗംഗാവാലി പുഴയില്‍ ഡ്രഡ്ജർ ഉപയോഗിച്ചുള്ള പരിശോധനയിലാണ് ലോറിയുടെ വാട്ടർ സ്റ്റാൻഡ് കണ്ടെത്തിയത്. ലോഹഭാഗം തന്റെ ലോറിയുടെതാണെന്ന് ഉടമ സ്ഥിരീകരിച്ചു.
അതേസമയം ഗംഗാവാലി പുഴയിലെ ഇന്നത്തെ തിരച്ചിൽ നിർത്തി. നാളെ രാവിലെ വീണ്ടും ആരംഭിക്കും. നാവികസേനയുടെ സോണാർ പരിശോധനയിൽ ലോഹ ഭാഗങ്ങൾ കണ്ടെത്തിയ ഭാഗത്തെ മണ്ണ് മാറ്റുന്നതടക്കമുള്ളകാര്യങ്ങള്‍ നാളെ ചെയ്യും. ഗോവ തുറമുഖത്തു നിന്ന് എത്തിച്ച ഡ്രഡ്ജർ ഉപയോഗിച്ചാണ് പുഴയിൽ തെരച്ചിൽ നടത്തിയത്. ലോറിയുടെ മീതെ പതിച്ച മുഴുവൻ മണ്ണും പാറകല്ലുകളും പൊടിച്ച് വെള്ളത്തോടൊപ്പം നീക്കം ചെയ്യുന്നതാണ് ഡ്രഡ്ജിന്റെ പ്രവർത്തനം.
ജൂലൈ പതിനാറിനാണ് ഷിരൂരിൽ മണ്ണിടിച്ചിലിൽ 11 പേരെ കാണാതായത്. 8 പേരുടെ മൃതദേഹം ലഭിച്ചു. കോഴിക്കോട് സ്വദേശിയായ അർജുനെ കൂടാതെ ഷിരൂർ സ്വദേശി ജഗന്നാഥ്, ഗംഗേകൊല്ല സ്വദേശി ലോകേഷ് എന്നിവരെയും കണ്ടെത്താനുണ്ട്.