കെ.എസ്.ഇ.ബി ചെയർമാന്റെ വാദം തള്ളി എം.ജി സുരേഷ് കുമാർ
|അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി ചുമതലയേൽക്കുന്നതിന് മുമ്പേ വാഹനം വൈദ്യുതി മന്ത്രിയുടെ ഓഫീസിൽ ഉപയോഗിച്ചിരുന്നു
തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ വാഹനം അനധികൃതമായി ഉപയോഗിച്ചെന്ന ചെയർമാന്റെ വാദം തള്ളി ഓഫീസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് എം.ജി സുരേഷ് കുമാർ. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിചുമതലയേൽക്കുന്നതിന് മുമ്പേ വാഹനം വൈദ്യുതി മന്ത്രിയുടെ ഓഫീസിൽ ഉപയോഗിച്ചിരുന്നുവെന്നും സുരേഷ് കുമാര്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. 'അന്ന് കടകംപള്ളി സുരേന്ദ്രനായിരുന്നു വൈദ്യുതി മന്ത്രി.ഈ വാഹനം സർക്കാരിന് നൽകിയതല്ലെന്ന് കെ.എസ്.ഇ.ബിക്ക് ക്ക് എങ്ങനെ പറയാൻ കഴിയുമെന്നും' സുരേഷ് കുമാർ ചോദിച്ചു.
അനധികൃതമായി വാഹനം ഉപയോഗിച്ചെന്ന് ആരോപിച്ച് എം.ജി.സുരേഷ് കുമാറിന് ചെയര്‍മാന്‍ ബി.അശോക് 6.72 ലക്ഷം പിഴ ചുമത്തിയിരുന്നു. എം.എം.മണി വൈദ്യുതിമന്ത്രിയായിരിക്കെ എം.ജി.സുരേഷ്കുമാര്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. അക്കാലത്ത് കെ.എസ്.ഇ.ബിയിലെ കാര്‍ അദേഹത്തിന്റെ വീടായ കുറ്റ്യാടിയിലേക്കും മറ്റും പോകാനായി 48640 കിലോമീറ്റര്‍ അനധികൃതമായി ഉപയോഗിച്ചെന്നാണ് കണ്ടെത്തല്‍. അതിന് 6,72560 രൂപ 21 ദിവസത്തിനകം പിഴയടക്കണം. ഇല്ലെങ്കില്‍ 12 ശതമാനം പലിശ സഹിതം ശമ്പളത്തില്‍ നിന്ന് പിടിയ്ക്കുമെന്നും കാണിച്ച് നോട്ടീസ് നൽകിയിരുന്നു.
വാഹനം ഉപയോഗിച്ചത് മന്ത്രിയായ എം.എം.മണിയുടെ നിര്‍ദേശപ്രകാരം ഔദ്യോഗിക ആവശ്യത്തിനാണെന്നാണ് സുരേഷ് അന്ന് മറുപടി നല്‍കിയിരുന്നു. അതിന് പുറമെയാണ് പുതിയ ചെയര്‍മാന്‍റെ വാദം തള്ളി സുരേഷ്കുമാര്‍ രംഗത്ത് വന്നിരിക്കുന്നത്.