Kerala
mg university employees suspended for missing certificate formats
Kerala

എം.ജി സർവകലാശാലയിൽ സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായ സംഭവത്തിൽ രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ

Web Desk
|
21 Jun 2023 12:10 PM GMT

54 പി.ജി സർട്ടിഫിക്കറ്റ് ഫോർമാറ്റുകളാണ് സെക്ഷനിൽനിന്ന് കാണാതായത്.

കോട്ടയം: എം.ജി സർവകലാശാലയിൽ സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായ സംഭവത്തിൽ രണ്ട് ജീവനക്കാരെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. മുൻ സെക്ഷൻ ഓഫീസർ, നിലവിലെ സെക്ഷൻ ഓഫീസർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. രജിസ്ട്രാർതലത്തിൽ വിശദമായ അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. സർട്ടിഫിക്കറ്റ് ഫോർമാറ്റ് കാണാതായ സെക്ഷനിലെ മുഴുവൻ ജീവനക്കാരെയും അന്വേഷണകാലയളവിൽ മറ്റു സെക്ഷനിലേക്ക് മാറ്റും.

54 പി.ജി സർട്ടിഫിക്കറ്റ് ഫോർമാറ്റുകളാണ് സെക്ഷനിൽനിന്ന് കാണാതായത്. പരീക്ഷാഭവനിലെ പി.ഡി അഞ്ച് സെക്ഷനിൽനിന്നാണ് സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായത്. ബാർകോഡും ഹോളോഗ്രാമും പതിച്ചവയാണിവ. ഈ ഫോർമാറ്റുകളിൽ വിദ്യാർഥിയുടെ വിവരങ്ങളും രജിസ്റ്റർ നമ്പറും ചേർത്ത് വൈസ് ചാൻസലറുടെ ഒപ്പും പതിച്ചാൽ ഡിഗ്രി സർട്ടിഫിക്കറ്റ് തയ്യാറാകും. ഫോർമാറ്റുകൾ ഉപയോഗിച്ച് വ്യാജസർട്ടിഫിക്കറ്റുകൾ തയ്യാറാക്കാനാവും.

500 എണ്ണമുള്ള ഒരു കെട്ടായാണ് ഇവ സൂക്ഷിച്ചിരുന്നത്. ഒരാഴ്ച മുമ്പ് സെക്ഷനിലെ രജിസ്റ്റർ കാണാതായിരുന്നു. ഇത് കണ്ടെത്താനുള്ള ശ്രമത്തിനിടെ മേശക്കുള്ളിൽനിന്ന് ഡിഗ്രി സർട്ടിഫിക്കറ്റിന്റെ രണ്ട് ഫോർമാറ്റ് കണ്ടെത്തി. അതോടെയാണ് കൂടുതൽ അന്വേഷണം തുടങ്ങിയത്. ഫോർമാറ്റിന്റെ കെട്ട് പരിശോധിച്ചപ്പോഴാണ് അതിൽ 54 എണ്ണം ഇല്ലെന്ന് ബോധ്യമായത്.

Similar Posts